കൊച്ചി: ഡിഎ സന്ദേശവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. കോടതി വിധി തിരിച്ചടി അല്ലെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും പി രാജീവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദേശം എല്ലാ ഗുണഭോക്താക്കൾക്കും എത്തുന്നുണ്ട്. അക്കാര്യം പരിശോധിച്ച് കോടതി അതുകൂടി നിരോധിക്കുമോ എന്ന് നമുക്ക് നോക്കാമെന്നും പി രാജീവ് പറഞ്ഞു. വിഷയം സ്വകാര്യതയുടെ ലംഘനമാകുന്നത് ഏത് വകുപ്പ് പ്രകാരമാണ്. പ്രധാനമന്ത്രി ഗുണഭോക്താക്കൾക്ക് സന്ദേശം അയക്കുന്നത് ഡാറ്റാ ലംഘനമാണോ. അത് ഇതുവരെ സ്വകാര്യത ലംഘനമായി കോടതി കണ്ടിട്ടില്ല. വിഷയം കോടതി പരിശോധിച്ചുകൊണ്ടിരിക്കയാണ്. പരിശോധിക്കുന്ന ഘട്ടത്തിൽ സർക്കാരിന്റെ അഭിപ്രായങ്ങൾ കോടതിയുടെ മുൻപിൽ വരുമെന്നും പി രാജീവ് പറഞ്ഞു.
വിവാദ സിനിമ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും മന്ത്രി പ്രതികരിച്ചു. എന്തുകൊണ്ടാണ് തെലങ്കാന സ്റ്റോറിയോ കർണാടക സ്റ്റോറിയോ ഹിമാചൽ സ്റ്റോറിയോ വരാത്തത്. കാരണം ആ സംസ്ഥാനങ്ങളിലെല്ലാം ബിജെപിയുടെ അതേ കാഴ്ചപ്പാടാണ് കോൺഗ്രസിന്. കർണാടക സ്റ്റോറിയും ഉത്തർപ്രദേശ് സ്റ്റോറിയും ഇറങ്ങിയാൽ അതിൽ ബുൾഡോസർ നിരങ്ങുന്നത് കാണാം. എന്നാൽ കേരളം ഇതിൽനിന്നും വ്യത്യസ്തമാണ്. കേരളത്തെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലും മുഖ്യമന്ത്രി ഒരുമിച്ചുള്ള 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖത്തിന്റെ ടീസർ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. മനോഹരമായ ടീസറാണ് കണ്ടത്. കപ്പ തിന്നുന്നത് പോലെയോ പന്ത് കറക്കുന്നതുപോലെയോ അല്ല ഇത്. കനഗോലുവിന് വേണ്ടി ഒരു പിആർ ഏജൻസി തന്നെ പ്രവർത്തിക്കുന്നില്ലേ. മോഹൻലാലും മുഖ്യമന്ത്രിയും തമ്മിൽ നല്ല സൗഹൃദമാണ്. മനോഹരമായ ടീസറാണ് നന്നായി പ്രചരിപ്പിക്കൂവെന്നും മന്ത്രി പറഞ്ഞു.
Content Highlights: Kerala Minister P Rajeev responded to the High Court verdict related to the DA message