തൃശ്ശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിൽ ചേർത്തതുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ജനാധിപത്യത്തിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കാത്ത നടപടിയാണിതെന്നും കുട്ടിക്കളിയായാണ് കാണുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
കാർ വാങ്ങിയപ്പോൾ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരനായിരുന്നു, പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരുകാരനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരംകാരനുമായെന്ന് ജോസഫ് ടാജറ്റ് പരിഹസിച്ചു. തൃശൂരിലെ ജനങ്ങളെ എംപി നിരന്തരമായി നാണം കെടുത്തുകയാണ്. ബിജെപി അദ്ദേഹത്തെ തിരുത്താൻ തയ്യാറാകണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
പുതുക്കിയ വോട്ടർപട്ടിക പ്രകാരം സുരേഷ് ഗോപിക്ക് ഗുരുവായൂരിലാണ് വോട്ടുള്ളത്. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് സുരേഷ് ഗോപിയെ ചേർത്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് അദ്ദേഹത്തിന്റെ വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം. ഫ്ലാറ്റ് സുരേഷ് ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. കെ മുരളീധരൻ ഉൾപ്പെടെയുള്ളവർക്കും അച്യുതത്തിൽ ഫ്ലാറ്റ് ഉണ്ട്.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സുരേഷ് ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. ഇത് വലിയ വിവാദത്തിനും ഇടയാക്കിയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലാണ് വോട്ട് ചെയ്തത്. എന്നാൽ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലാണ് വോട്ട് ചെയ്തത്.
Content Highlights: Thrissur DCC President Joseph Tajet strongly criticized the inclusion of Union Minister Suresh Gopi in the voter list at Guruvayur