ഡിഎ സന്ദേശം: ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം:രമേശ് ചെന്നിത്തല

'ഇങ്ങനെ ജീവനക്കാര്‍ക്ക് മെസേജ് അയക്കുന്നത് പാപ്പരത്തരമാണ്. ചീഫ് സെക്രട്ടറി ഇത്രയും തരാം താഴരുത്'

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎയുമായി ബന്ധപ്പെട്ട് സന്ദേശം ലഭിച്ചുവെന്ന ആരോപണത്തിൽ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ വാട്‌സാപ്പില്‍ മുഖ്യമന്ത്രിയുടെ മെസേജ് വരികയാണെന്നും ഇത് ഡാറ്റ പ്രൈവസി ലംഘനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇങ്ങനെ ജീവനക്കാര്‍ക്ക് മെസേജ് അയക്കുന്നത് പാപ്പരത്തരമാണ്. ചീഫ് സെക്രട്ടറി ഇത്രയും തരാം താഴരുത്. ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. മുഖ്യമന്ത്രിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല

കേരള സ്റ്റോറി 2ന് എതിരായ എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റിനെതിരെയും രമേശ് ചെന്നിത്തല രംഗത്തെത്തി. ഇത്തരം പ്രചാരണവേലകള്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരള സ്റ്റോറിയെ എല്ലാവരും എതിര്‍ത്തതാണ്. കേരളത്തില്‍ അങ്ങനെയൊരു പ്രശ്‌നമില്ലല്ലോ. സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിക്കാനും, വസ്ത്രം ധരിക്കാനും കേരളത്തില്‍ തടസമില്ല. കേരളത്തില്‍ ഏത് ഭക്ഷണം കഴിക്കുന്നതിനാണ് പ്രശ്‌നമുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് സംശയാസ്പദമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും ചെന്നിത്തല ആരോപിച്ചു. മറ്റ് പലരേയും രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. തന്ത്രി അയ്യപ്പന്റെ പിതാവിന്റെ സ്ഥാനമുള്ളയാളാണെന്നും ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയെ മനഃപൂര്‍വം കുടുക്കിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെയാണ്. നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നില്ല അറസ്റ്റ്. 41 ദിവസം തന്ത്രിയെ ജയിലില്‍ കിടത്തിയത് സംശയാസ്പദമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിര്‍ദേശപ്രകാരമാണ് എസ്‌ഐടി പ്രവര്‍ത്തിച്ചത്. ജാമ്യം ലഭിക്കുന്നതിനെ എസ്‌ഐടി എതിര്‍ത്തു. എന്നാല്‍ അതിന് വിരുദ്ധമാണ് കൊല്ലം വിജിലന്‍സ് കോടതിയിലെ വിധിന്യായം. കൊള്ളയില്‍ തന്ത്രിയെ ബന്ധപ്പെടുത്തുന്നതിന് ഒരു തെളിവുമില്ല എന്ന് കൊല്ലം വിജിലന്‍സ് കോടതി പറഞ്ഞു. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എസ്‌ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന നിലയുണ്ടായെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തകര്‍ച്ച ബോധ്യപ്പെതോടെയാണ് എസ്‌ഐടി അന്വേഷണം വഴിതിരിച്ചു വിടാന്‍ ഇടപെട്ടത്. മന്ത്രിയെ രക്ഷിക്കാന്‍ തന്ത്രിയെ കുടുക്കുകയായിരുന്നു. കടകംപള്ളിയിലേക്കും വി എന്‍ വാസവനിലേക്കും അന്വേഷണം എത്താതിരിക്കാന്‍ ഉള്ള നീക്കമാണ് നടന്നത്. ശബരിമല ഉപയോഗിച്ച് കൊണ്ടുള്ള രാഷ്ട്രീയക്കളിക്ക് കേരളം മറുപടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. റീത്ത് വെച്ചുള്ള പ്രതിഷേധം സിപിഐഎന്റെ രീതി. അത്തരം പ്രതിഷേധം വേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. രോഗികളുടെ വയറില്‍ എല്ലാം കത്രിക വരുന്നത് എന്തുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. പരിഹാരം കാണാതെ സിസ്റ്റത്തിന്റെ എറര്‍ ആണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം?. ഒറ്റപ്പെട്ട സംഭവം എന്ന് ഓരോ തവണയും പറയുന്നത് കൊണ്ട് കാര്യമുണ്ടോ?. ഹാരിസ് ഡോക്ടര്‍ മുന്നോട്ട് വച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരം ചെയ്യുകയാണ്. ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങളിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് പ്രേംകുമാര്‍ ഒന്നും പറഞ്ഞിട്ടില്ല. പ്രേംകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഖില്‍ മാരാര്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അല്ലെന്നും മുന്‍പ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പലരും കൂട് മാറി പോകും. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവര്‍ക്ക് പരിഗണന നല്‍കുന്നുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlights- Ramesh chennithala raised privacy concerns and called for legal action over a bulk DA message allegedly sent in Chief Minister Pinarayi Vijayan’s name

To advertise here,contact us