കൊച്ചി: ജാതി അധിക്ഷേപത്തിന് പരാതി നല്കിയതിന് ഇടത് യൂണിയൻവേട്ടയാടിയെന്ന് ക്ഷേത്രം ശാന്തിക്കാരന്റെ പരാതി. എറണാകുളം പറവൂർ വാതുറക്കാവ് ക്ഷേത്രം ശാന്തി വിഷ്ണുവാണ് പരാതിയുമായി രംഗത്തെത്തിയത്. വേട്ടയാടൽ സഹിക്കവയ്യാതെ ജോലി രാജിവെച്ചുവെന്നും വിഷ്ണു പറഞ്ഞു.
ഇടത് യൂണിയൻ്റെ തുടർച്ചയായ വേട്ടയാടലും ഭീഷണിയും മൂലമാണ് ശാന്തിയായ വിഷ്ണു ജോലി രാജിവെച്ചത്. ജോലി ലഭിച്ച് വെറു മൂന്ന് മാസത്തിനകം തന്നെ വിഷ്ണുവിന് ജോലി ഉപേക്ഷിക്കേണ്ടതായി വന്നിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ സ്ഥിരജീവനക്കാരനായിരുന്നു വിഷ്ണു.
2024ൽ തത്തപ്പിള്ളി ക്ഷേത്രത്തിൽ വെച്ചാണ് ക്ഷേത്ര ഉപദേശക സമിതി മുൻ അംഗം വിഷ്ണുവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചത്. ഈ വിഷയത്തിൽ പൊലീസിൽ പരാതിപ്പെട്ട് വേണ്ട നിയമനടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികാര മനോഭാവത്തോട് കൂടി ഇടത് യൂണിയൻ തന്നെ പിൻതുടർന്ന് വേട്ടയാടിയതെന്ന് വിഷ്ണു റിപ്പോർട്ടറിനോട് പറഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ താത്കാലികമായി ജോലി ചെയ്യുമ്പോഴാണ് ജാതി അധിക്ഷേപം നേരിട്ടത്. ജാതി അധിക്ഷേപത്തിനെതിരെ നൽകിയ പരാതി പിൻവലിക്കണമെന്നുംഅല്ലാത്ത പക്ഷം സമാധാനമായി ജോലിചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഇടത് യൂണിയൻ അംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്നാണ് വിഷ്ണുവിൻ്റെ ആരോപണം.
Content Highlights : Temple employee resigns after filing complaint for caste abuse; Left union hunts him down