'ബീഫ് വിളമ്പിയാൽ പൊട്ടുന്ന ഒരു മത വികാരവും കേരളത്തിലില്ല, ഇല്ലാത്ത വികാരത്തെ ചൊറിഞ്ഞ് പൊട്ടിക്കാൻ സാധിക്കുമോ"

സംഘപരിവാർ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമങ്ങളെ പ്രതിരോധിക്കാൻ ലീഗ് നടത്തിയ ഒരു രാഷ്ട്രീയ ക്യാമ്പെയിൻ നമ്മുടെ മുന്നിലുണ്ടോയെന്നും ശിവപ്രസാദ്

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റ് മുസ്‌ലിം വോട്ട് കിട്ടാനുള്ള രാഷ്ട്രീയക്കളിയാണെന്ന മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയ്‌ക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. സംഘപരിവാർ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമങ്ങളെ പ്രതിരോധിക്കാൻ ലീഗ് നടത്തിയ ഒരു രാഷ്ട്രീയ ക്യാമ്പെയിൻ നമ്മുടെ മുന്നിലുണ്ടോയെന്നും തുടർച്ചയായുണ്ടാവുന്ന ഇത്തരം ആക്രമണങ്ങളിൽ ലീഗ് തുടരുന്ന മൗനം ആരെ സഹായിക്കാനാണെന്നും ശിവപ്രസാദ് ചോദിക്കുന്നു.

ഗുജറാത്ത് വംശഹത്യയുടെ പാപക്കറ മോദിയിൽ നിന്ന് തുടച്ച് നീക്കാൻ ലീഗ് ശ്രമിക്കുന്നത് ഏത് അധികാര കസേരക്ക് വേണ്ടിയാണെന്നും ശിവപ്രസാദ് ചോദിച്ചു. കേരള സ്റ്റോറി ഉയർത്തുന്നത് കേരളത്തിനും ന്യൂനപക്ഷങ്ങൾക്കും എതിരായ കുപ്രചരണമാണ്. ഇത് സംഘപരിവാർ അജണ്ടയാണ്. കേരളത്തിൽ ഈ സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കാൻ എസ്എഫ്‌ഐ സാധ്യമായ എല്ലാ വഴികളും തേടുമെന്നും ശിവപ്രസാദ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സംഘപരിവാറിനെ പ്രതിരോധിക്കുമ്പോൾ പൊള്ളുന്ന ലീഗിന് നല്ല നമസ്‌ക്കാരം. ഭക്ഷണത്തെ മതവുമായി കൂട്ടി കെട്ടുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റെ മറുപുറമായി ലീഗ് മാറുന്നു!ബീഫാണ് ഇപ്പോൾ ചർച്ചാവിഷയം. BJP യെക്കാൾ ഇതിൽ ആവേശം ലീഗിനും. ലീഗിന്റെ നേതാവ് പറയുന്നത് ഇതൊന്നും ചെയ്താൽ മുസ്ലിം വോട്ട് കിട്ടില്ല എന്നാണ്. വോട്ട് എന്ന ഒറ്റ ചിന്തയെ നിർഭാഗ്യവശാൽ ലീഗിനുള്ളു. അതിപ്പൊ വോട്ട് RSS കൊടുത്താലും ലീഗ് വാങ്ങും. വോട്ടിന് വേണ്ടി ലീഗ് എന്തും പറയും. ചെയ്യും. ഈ അടുത്ത കാലത്ത് സംഘപരിവാർ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാൻ ലീഗ് ഒരു രാഷ്ട്രീയ ക്യാമ്പയിൻ നമ്മുടെ മുന്നിലുണ്ടൊ? ഇതൊന്നും ചെയ്തില്ലെങ്കിലും വോട്ട് കിട്ടും എന്ന അഹങ്കാരമല്ലെ അപ്പൊ ആദ്യം ചോദ്യചെയ്യപ്പെടേണ്ടത്. വർത്തമാന കാല ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായി തുടർച്ചയായി ഉണ്ടാകുന്ന അക്രമണങ്ങളിൽ ലീഗ് തുടരുന്ന ഈ മൗനം ആരെ സഹായിക്കാൻ? ഗുജറാത്ത് വംശഹത്യയുടെ പാപ കറ പോലും മോദിയിൽ നിന്ന് തുടച്ച് നീക്കാൻ ലീഗ് പരിശ്രമിക്കുന്നത് ഏത് അധികാര കസേരക്ക് വേണ്ടി?

പക്ഷെ ചില വിവാദങ്ങളിൽ പ്രതികരിക്കാൻ ലീഗിന് പരിമിതി ഉണ്ടത്രെ. ഇടതുപക്ഷത്തിന് എതിരെ വർഗീയ പ്രചാരണം നടത്താൻ ലീഗിന് പരിമിതി ഇല്ല. പക്ഷെ RSS ന് എതിരെ ക്യാമ്പയിൻ നടത്താൻ ലീഗിന് പരിമിതി ഉണ്ട്. ആ പരിമിതിയുടെ പേരാണ് ഭയം. തങ്ങൾ RSS നെ പ്രതിരോധിക്കില്ല എന്നു മാത്രമല്ല വേറെ ആരെങ്കിലും പ്രതിരോധിക്കാൻ ശ്രമിച്ചാൽ അതിലും മതം കൂട്ടി കുഴച്ച് വഷളാക്കി RSS ന് അനുകൂലമാക്കി കൊടുക്കും. RSS ന്റെ പണി എളുപ്പമാക്കുക എന്നതാണ് ഇപ്പോ ലീഗിന്റെ പണി. കേരള സ്റ്റോറി ഉയർത്തുന്നത് കേരളത്തിനും ന്യൂനപക്ഷങ്ങൾക്കും എതിരായ കുപ്രചരണമാണ്. ഇത് സംഘപരിവാർ അജണ്ടയാണ്. കേരളത്തിൽ ഈ സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കാൻ SFI സാധ്യമായ എല്ലാ വഴികളും തേടും. ബീഫ് ഫെസ്റ്റ് ഒരു മാർഗ്ഗം മാത്രമാണ്. അത് മാത്രമാണ് മാർഗ്ഗമെന്നും SFI യ്ക്ക് അഭിപ്രായം ഇല്ല. കേരള സ്റ്റോറി ഉയർത്തുന്ന അസത്യ പ്രചാരണത്തെ തകർക്കാൻ സാധ്യമായ എല്ലാ വഴികളും തേടുക എന്നത് കേരള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

ബീഫ് വിളമ്പിയാൽ പൊട്ടുന്ന ഒരു മത വികാരവും കേരളത്തിൽ ഇല്ല. ഇല്ലാത്ത ഈ വികാരത്തെ ചൊറിഞ്ഞ് പൊട്ടിക്കാൻ സാധിക്കുമൊ എന്നാണ് സംഘപരിവാറിന് വേണ്ടി ലീഗ് നോക്കുന്നത്. ഭക്ഷണത്തെ മതവുമായി കൂട്ടി കെട്ടുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റെ മറുപുറമായി ലീഗ് മാറുന്നതിനെ ഗൗരവത്തോടെ കേരളം കാണണം.

എസ്എഫ്ഐയുടെ ബീഫ് ഫെസ്റ്റ് പ്രകോപന സമരമുറയാണെന്നായിരുന്നു പിഎംഎ സലാം പറഞ്ഞത്. ബീഫ് ഫെസ്റ്റിനെ എതിര്‍ത്ത എംഎസ്എഫ് നിലപാടിനെ പിഎംഎ സലാം പിന്തുണച്ചു. ആര്‍എസ്എസിനെ പോലെ ധ്രുവീകരണമുണ്ടാക്കാനാണ് സിപിഐഎം ശ്രമമെന്ന് പിഎംഎ സലാം പറഞ്ഞു. മുസ്‌ലിം വോട്ട് ലക്ഷ്യമിട്ടാണ് നീക്കം. ബീഫും മുസ്‌ലിം സമുദായവും തമ്മില്‍ ബന്ധമില്ല. കേരള സ്‌റ്റോറിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോകണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടിരുന്നു.

Content Highlights: Following remarks by P.M.A. Salam questioning the Students Federation of India’s beef festival protest against The Kerala Story 2, the SFI state president’s stance has become central to ongoing debate about protest methods

To advertise here,contact us