രശ്മി കൊട്ടാരക്കരയില്‍ തന്നെ; പത്തനാപുരത്ത് അഖില്‍ മാരാരെ രംഗത്തിറക്കാന്‍ ബിജെപി

കെ എന്‍ ബാലഗോപാലിന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്ന ആര്‍ രശ്മി മികച്ച മത്സരമാണ് സമ്മാനിച്ചത്.

കൊല്ലം: കോണ്‍ഗ്രസ് വിട്ടുവന്ന ആര്‍ രശ്മിയെ കൊട്ടാരക്കരയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി. കൊട്ടാരക്കരയില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രശ്മിക്ക് ബിജെപി നിര്‍ദേശം നല്‍കി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി രശ്മി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശം നല്‍കിയത്. രശ്മിയുടെ പരിചയസമ്പത്ത് മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു രശ്മി. കെ എന്‍ ബാലഗോപാലിന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്ന ആര്‍ രശ്മി മികച്ച മത്സരമാണ് സമ്മാനിച്ചത്. 10,814 വോട്ടുകള്‍ക്ക് കെ എന്‍ ബാലഗോപാല്‍ വിജയിച്ചു കയറിയെങ്കിലും അയിഷ പോറ്റി 2016ല്‍ നേടിയ ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്. 31,818 വോട്ടിന്റെ കുറവാണ് ബാലഗോപാലിന്റെ ഭൂരിപക്ഷത്തില്‍ ഉണ്ടായത്. ഈ കണക്കാണ് രശ്മിയെ കൊട്ടാരക്കരയില്‍ തന്നെ മത്സരിപ്പിക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്.

അതേ സമയം രശ്മി കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുമ്പോള്‍ ട്വന്റി 20യിലെത്തിയ അഖില്‍ മാരാരെ പത്തനാപുരത്ത് എന്‍ഡിഎ മത്സരത്തിനിറക്കും. മന്ത്രിയായ കെ ബി ഗണേഷ്‌കുമാര്‍ ജനവിധി തേടുന്ന മണ്ഡലമെന്ന നിലയില്‍ ശ്രദ്ധേയമായ പത്തനാപുരത്ത് അഖിലിനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

കഴിഞ്ഞ തവണ ഗണേഷ് കുമാര്‍ 14,336 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യുഡിഎഫ് ജ്യോതികുമാര്‍ ചാമക്കാലയായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. ബിജെപിക്ക് വേണ്ടി മത്സരിച്ച വി എസ് ജിതിന്‍ദേവ് 13,398 വോട്ടുകളാണ് നേടിയത്.

Content Highlights: R Resmi to contest from Kottarakkara again; BJP considers fielding Akhil Marar in Pathanapuram

To advertise here,contact us