തിരുവനന്തപുരം: ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന് വലിയ സ്വീകാര്യത ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സ്വീകാര്യത ചിലരിൽ അസ്വസ്ഥതയുണ്ടാക്കുന്നു. ആര് തപസ് ചെയ്താലും ഇന്ദ്രന് ഭയം എന്ന് പറയുന്നത് പോലെയാണ് ചിലരുടെ കാര്യം. ഒരു കാര്യത്തിന് സ്വീകാര്യത ലഭിച്ചാൽ അതിനെ വക്രീകരിക്കാൻ ശ്രമിക്കും. വലിയ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിച്ചത്. ഈ പരിപാടിക്ക് സ്വാഭാവികമായും വിവാദത്തിന്റെ ആവശ്യമില്ല. നാട് എങ്ങനെ മാറിയെന്ന് കുട്ടികൾ അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ഗ്രാന്‍ഡ് ഫിനാലെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികൾ ഇന്ന് പഠിക്കുന്നത് നല്ല സൗകര്യമുള്ള, സ്മാർട്ട് ക്ലാസ്സുകൾ ഉള്ള ഹൈടെക് സ്കൂളുകളിലാണ്. ലൈബ്രറി, ശുചിമുറി തുടങ്ങി ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളുകളിലുണ്ട്. പത്തുവർഷം മുമ്പ് അതിദയനീയമായിരുന്നു സ്കൂളുകളുടെ അവസ്ഥ. ആയിരത്തോളം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നു. കുട്ടികൾക്ക് പുസ്തകം അവസാന ടേമിൽ പോലും കിട്ടാത്ത കാലവും കേരളത്തിലുണ്ടായിരുന്നു. ആ കാലമെല്ലാം മാറിയത് കുട്ടികൾ അറിയണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളം ആരും കാണാൻ ആഗ്രഹിക്കുന്ന ദൈവത്തിൻ്റെ സ്വന്തം നാടാണ്. വർഷങ്ങൾക്കു മുൻപ് തെരുവുകളിലൂടെ നടക്കുമ്പോൾ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഹരിത കേരള മിഷൻ പ്രവർത്തനത്തിലൂടെ സംസ്ഥാനത്തിനുണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് കുട്ടികൾ അറിയണം. തദ്ദേശസ്ഥാപനങ്ങൾ മാതൃകാപരമായി മാലിന്യ മുക്ത പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
ആരോഗ്യ രംഗത്ത് പാലിയേറ്റീവ് രംഗത്തും വലിയ ഇടപെടലുകൾ നടത്താൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. നാടിന്റെ വളർച്ചയും ഓരോ രംഗത്തെയും മാറ്റങ്ങളും അതിനെ തുടർന്നുണ്ടായ നേട്ടങ്ങളും കുട്ടികൾ മനസ്സിലാക്കണം. അതിൽ എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്ന് മനസ്സിലാവുന്നില്ല. സർക്കാറിനോടുള്ള എതിർപ്പിന്റെ പേരില്‍ നാടിന്റെ കാര്യങ്ങളെ എതിർക്കരുതെന്നും ഇളം മനസ്സിൽ ശുദ്ധമായ കാര്യങ്ങൾ എത്തിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും പിണറായി വിജയൻ പ്രതികരിച്ചു.
"നാടിൻറെ നേട്ടങ്ങളെ ഭയക്കുന്നത് എന്തിനാണ്? എല്ലാ നാടും കുടുംബവും വികസനത്തിന്റെ സ്വാധീമറിയണം. ഭാവി പൗരന്മാർ എന്ന നിലയിൽ നാടിൻറെ കൃത്യത മനസ്സിലാക്കി വളരാൻ കുട്ടികൾക്ക് കഴിയണം. കുട്ടികളിൽ ശരിയായ ധാരണ ഉണ്ടാക്കാൻ കഴിയണ്ടേ? ഇതൊക്കെയാണ് ഈ ക്വിസ് പരിപാടി കൊണ്ട് ഉദ്ദേശിച്ചത്. പഠനം സമ്മാന ലബ്ധി മാത്രമാണെന്ന് ധാരണ ഉണ്ടാവരുത്. നാടിൻറെ ചരിത്രവും മാറ്റവും കുട്ടികൾ മനസ്സിലാക്കണം, നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് അറിഞ്ഞിരിക്കണം," പിണറായി വിജയൻ പറഞ്ഞു. നാടിനെ അപകീർത്തിപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളിൽ കൃത്യമായ നിലപാട് എടുക്കാൻ കുട്ടികൾക്കും കഴിയണം. ചിലർ ചില സിനിമകൾ നിർമ്മിച്ച് നാടിനെ അപകീർത്തിപ്പെടുത്തുന്നു. ഇതിനെതിരെ കുട്ടികളിലും അവബോധമുണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സര്‍ക്കാര്‍ നടത്തുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിന്റെ ഭാഗമായി നടക്കുന്നത് വന്‍ ധൂര്‍ത്താണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഏഴ് ജില്ലകളുടെ ചുമതല ഒരു ക്വിസ് മാസ്റ്റര്‍ക്കാണ് നല്‍കിയിരുന്നത്. ഇത്തരത്തില്‍ ക്വിസ് മാസ്റ്റര്‍ ചുമതലയുള്ളയാള്‍ക്ക് ഒരു ജില്ലയില്‍ 40,000 രൂപ വിനിയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നു. ഒരു ക്വിസ് മാസ്റ്റര്‍ക്ക് ഇത്തരത്തില്‍ അഞ്ച് ലക്ഷത്തിലധികം ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മറ്റ് ഓണറേറിയങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന സര്‍വീസ് ചട്ടലംഘനം മറികടന്നാണ് ഉത്തരവെന്നും വിമര്‍ശനമുണ്ടായിരുന്നു. ജനങ്ങളുടെ നികുതിപണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നും കുട്ടികളെ അതിനുള്ള ഉപകരണമാക്കുന്നു എന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിനെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി സംസാരിച്ചത്.
Content Highlight; Pinarayi Vijayan supports Chief Ministers Mega Quiz after opposition raises criticism