ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രിക്രിയക്കിടെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഗൈനക്കോളജി വകുപ്പ് മേധാവിയായ ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. മനുഷ്യ ജീവനും വ്യക്തി സുരക്ഷിതത്വത്തിനും ഭീഷണി ആകുന്ന രീതിയിൽ ഉദാസീനതയോടെ ശാസ്ത്രക്രിയ ചെയ്തു എന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. നിരുത്തരവാദിത്വ പരമായി വയറ്റിൽ കത്രിക ഉപേക്ഷിച്ചെന്നും എഫ്ഐആറിൽ ഉണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 125, 125 (എ) എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം, താനല്ല ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. ലളിതാംബിക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഡോ. ഷാഹിദയാണ് ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയതെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ ഡോ. ഷാഹിദയെ പ്രതി ചേർത്തിട്ടില്ല. ഡോ. ലളിതാംബിക കഴിഞ്ഞ ദിവസം നടത്തിയ ചില പ്രതികരണങ്ങൾ വലിയ വിവാദമായിരുന്നു. ശസ്ത്രക്രിയ ഉപകരണം അഞ്ചല്ല അമ്പത് വർഷം വയറ്റിൽ ഇരുന്നാലും ഒരു കുഴപ്പവും സംഭവിക്കില്ല എന്നായിരുന്നു ലളിതാംബിക പറഞ്ഞത്. സംഭവത്തെ ഇത്തരത്തിൽ നിസാരവത്കരിച്ചത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അടക്കം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഉഷ ജോസഫിന്റെ ഭർതൃ സഹോദരി മാർഗരറ്റ് നൽകിയ പരാതിയിലാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഈ പരാതിയിൽ ഡോ. ലളിതാംബികയാണ് ശസ്ത്രക്രിയ നടത്തിയത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ ഈ ഡോക്ടറെ പ്രതി ചേർത്തിരിക്കുന്നത്. വൈകാതെ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. അതേസമയം, ഡോ. ലളിതാംബികയെ വീട്ടിലെത്തി കാണുകയും കൺസൾട്ടേഷൻ ഫീസ് നൽകുകയും ചെയ്തിരുന്നു എന്നും ഉഷ ജോസഫിന്റെ കുടുംബം ആരോപിക്കുന്നുണ്ട്.
ഡോ. ഷാഹിദയെയും ഗ്രേഡ് വൺ നഴ്സായ ധന്യ പി എസിനെയും കഴിഞ്ഞ ദിവസം അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ആരോഗ്യവകുപ്പാണ് ഈ നടപടി സ്വീകരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്താൻ സമിതിയെയും വകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് പൊലീസിനും കൈമാറും. കൊവിഡ് കാലമായിരുന്നതിനാൽ പിപിഇ കിറ്റ് അടക്കം ധരിച്ചാണ് ആരോഗ്യപ്രവർത്തർ ശസ്ത്രക്രിയ നടത്തിയിരുന്നത് എന്നും ഈ പ്രതികൂല സാഹചര്യത്തിൽ സംഭവിച്ച പിഴവാകാം ഉപകരണം മറന്നുവെക്കാൻ കാരണമെന്നുമാണ് മെഡിക്കൽ കോളേജിന്റെ വിശദീകരണം. മതിയായ ആരോഗ്യപ്രവർത്തകർ ലഭ്യമല്ലാത്തതിനെ കുറിച്ചും ഡോക്ടർമാർ ചൂണ്ടിക്കാണിച്ചിരുന്നു.
2021 മെയ് മാസത്തിലാണ് ഉഷ ജോസഫിന്റെ വയറ്റിൽ നിന്നും മുഴനീക്കാനുള്ള ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു എന്നാണ് ഉഷ റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞത്. ആശുപത്രികളിൽ മാറിമാറി പോയി ചികിത്സ തേടിയിട്ടുണ്ടെന്നും അവർ പറയുന്നുണ്ട്. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് താൻ ടെസ്റ്റുകൾ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. മൂത്രസഞ്ചിയിൽ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കണ്ടത് എന്നുമാണ് ഉഷയുടെ വാക്കുകൾ.
ഉഷയുടെ വയറ്റിൽ നിന്നും ശസ്ത്രക്രിയ ഉപകരണം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഇന്ന് നടക്കും. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചാണ് ഇത് നടക്കുക. കടുത്ത വേദനയുമായി എത്തിയ ഉഷയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും മരുന്നുകളിലൂടെ വേദന കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അമൃത ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
Content Highlights: Vandanam medical college incident FIR charged against Dr. Lalithambika