പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കെടുത്ത പരിപാടിയിൽ യുഡിഎഫ് പ്രതിഷേധം

പ്രതിഷേധക്കാർക്ക് നേരെ കൂക്കിവിളിച്ച് സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവർത്തകർ

പത്തനംതിട്ട: പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കെടുത്ത പരിപാടിയിൽ യുഡിഎഫ് പ്രതിഷേധം. പത്തനംതിട്ട ടൗൺഹാളിൽ നടന്ന പരിപാടിയിലാണ് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്. വൈഎംസിഎ ഹാളിൽ ആറന്മുള നിയമസഭാ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സംബന്ധിച്ച് സംഘാടക സമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നിരുന്നു. നഗരസഭ യുഡിഎഫ് കൗൺസിലർമാരും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

യോഗത്തിൽ മന്ത്രി സംസാരിച്ചു തുടങ്ങിയപ്പോൾ യുഡിഎഫ് കൗൺസിലറും മുൻ നഗരസഭാ അധ്യക്ഷനുമായ എ സുരേഷ് കുമാർ പ്രതിഷേധം രേഖപ്പെടുത്തി സംസാരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറിയ നടപടിക്കെതിരെയായിരുന്നു എ സുരേഷ് കുമാറിന്റെ പ്രതിഷേധം. തങ്ങൾ യോഗം ബഹിഷ്‌കരിക്കുകയാണെന്ന് എ സുരേഷ് കുമാർ പറഞ്ഞു. ഇതോടെ ഹാളിൽ ഉണ്ടായിരുന്ന സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവർത്തകർ യുഡിഎഫ് കൗൺസിലർമാരെ കൂക്കി വിളിച്ചു.

പിന്നാലെ ഹാളിൽ നിന്നും പുറത്തിറങ്ങിയ യുഡിഎഫ് കൗൺസിലർമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനിടെ മറുവശത്ത് സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവർത്തകർ യുഡിഎഫ് കൗൺസിലർമാരെ കൂക്കി വിളിച്ചു. യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം അനാവശ്യമാണെന്ന് സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ആരോപിച്ചു. വൻ വികസന പദ്ധതികൾ ആണ് ആറന്മുള നിയമസഭാ മണ്ഡലത്തിൽ വന്നതെന്നും യുഡിഎഫ് കൗൺസിലർമാർ തെറ്റായ പ്രചരണം നടത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: UDF protests at an event attended by Health Minister Veena George in Pathanamthitta

To advertise here,contact us