കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് പരോൾ നീട്ടി നൽകി സംസ്ഥാന സർക്കാർ. സഹോദരി മരിച്ചതിനെ തുടർന്ന് ജയിൽ സൂപ്രണ്ട് പത്മരാജന് മൂന്ന് ദിവസത്തേക്ക് പരോൾ അനുവദിച്ചിരുന്നു. ഈ പരോളാണ് മാർച്ച് മൂന്ന് വരെ സർക്കാരും ജയിൽ മേധാവിയും ചേർന്ന് നീട്ടി നൽകിയത്. കേസിൽ ശിക്ഷ വിധിച്ച് മൂന്ന് മാസത്തിനിടെയാണ് പ്രതിക്ക് പരോൾ ലഭിച്ചത്. ഫെബ്രുവരി മൂന്നിന് ശേഷം പത്മരാജൻജയിലിൽ തിരിച്ചെത്തിയിട്ടില്ല. ബലാത്സംഗക്കേസുകളിൽ സാധാരണനിലയിൽ നീണ്ട പരോൾ അനുവദിക്കാറില്ല.
അധ്യാപകനായ പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലായിരുന്നു കേസിനാസ്പദമായ സംഭവം. 2020 മാർച്ച് 17നാണ് യുപി സ്കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു പത്മരാജൻ.
ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തലശ്ശേരി പോക്സോ അതിവേഗ കോടതി മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പോക്സോ വകുപ്പുകൾ പ്രകാരം 40 വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. നവംബർ 15നായിരുന്നു കോടതി വിധി.
Content Highlights: palathayi pocso case accused K Padmarajan got parole extension