തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്തില്‍ വീണ്ടും സെക്രട്ടറി- പ്രസിഡന്റ് പോര്. പഞ്ചായത്ത് സെക്രട്ടറി സിന്ധുവിനെ പ്രസിഡന്റ് വെള്ളനാട് ശശി ഓഫീസിനകത്ത് പൂട്ടിയിട്ടതായി പരാതി. പിന്നാലെ സിന്ധു അനില്‍ കുമാര്‍ ആത്മഹത്യ ഭീഷണി മുഴക്കി. ഇന്ന് വെെകിട്ടാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസിനോടും ശശി തട്ടിക്കയറിയതായി ആരോപണമുണ്ട്. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറി മനഃപൂര്‍വം പ്രശ്നം സൃഷ്ടിക്കുന്നുവെന്നായിരുന്നു വെള്ളനാട് ശശിയുടെ പ്രതികരണം. പഞ്ചായത്തിലെ വാഹനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നത്തില്‍ കലാശിച്ചത്.
വെള്ളനാട് ശശി നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സിന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളനാട് ശശി ജാതി അധിക്ഷേപം നടത്തിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന് വാഹനം വിട്ടുനല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തേ പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും സിന്ധു പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകാതെ വന്നതോടെ ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്ത്രീയെന്ന പരിഗണന നല്‍കാതെ പട്ടികജാതിക്കാരി എന്ന നിലയില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും തനിക്ക് അയിത്തം കല്‍പ്പിക്കുന്നുവെന്നും സിന്ധു റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. യോഗങ്ങളില്‍ നിന്ന് മനഃപൂര്‍വം ഒഴിവാക്കുന്നുവെന്നും തന്നെ സ്ഥലം മാറ്റാന്‍ ശ്രമിക്കുന്നുവെന്നും സിന്ധു വ്യക്തമാക്കിയിരുന്നു.
തന്റെ വണ്ടി തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിയെടുത്തു. മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. താന്‍ എസ്സി വിഭാഗക്കാരിയായതിനാല്‍ കമ്മിറ്റിയില്‍ കയറ്റില്ല. അദ്ദേഹം പറയുന്നത് മാത്രം കേട്ടാല്‍ മതി എന്ന നിലപാടാണ് വെള്ളനാട് ശശിക്കെന്നും സിന്ധു ആരോപിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും തങ്ങളെ കൊന്നാലും ആര്‍ക്കും ഒരു പ്രശ്നവുമില്ല എന്ന രീതിയിലുള്ള പ്രതികരണമാണ് പരാതി കൊടുത്തിടത്തു നിന്ന് ലഭിച്ചിരുന്നതെന്നും സിന്ധു അനില്‍കുമാര്‍ പ്രതികരിച്ചിരുന്നു.
Content Highlight; Fight breaks out again in Vellanad panchayat; President locks up secretary, Sindhu threatens to commit suicide