പികെ ശശിയുമായി ചർച്ച നടത്തിയെന്ന് സിപിഐഎം വിമത നേതാവ്; വിമതരുടെ കൺവെൻഷനിലേക്ക് ശശിക്ക് ക്ഷണം

മാർച്ച് അഞ്ചിന് നടക്കുന്ന വിമതരുടെ കൺവെൻഷനിൽ പി കെ ശശി പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വിമത നേതാവ് അറിയിച്ചു

പാലക്കാട്: കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പികെ ശശിയുമായി ചർച്ച നടത്തിയെന്ന് പാലക്കാട്ടെ സിപിഐഎം വിമത നേതാവ് എം സതീഷ്. മാർച്ച് അഞ്ചിന് നടക്കുന്ന വിമതരുടെ കൺവെൻഷനിൽ പി കെ ശശി പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വിമത നേതാവ് അറിയിച്ചു. എ സുരേഷ് ഉൾപ്പെടെയുള്ള ആളുകളെയും കൺവെൻഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ കൺവെൻഷനിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പി കെ ശശി ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല.

സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്നതിനിടെയാണ് പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. പി കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പി കെ ശശി രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതെന്നാണ് പി കെ ശശി റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. രാജിക്കത്ത് കൈമാറിയെന്നും സിപിഐഎമ്മുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ പി കെ ശശി യുഡിഎഫ് നേതാക്കളെ കണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെയാണ് കണ്ടത്. രണ്ട് ദിവസം മുന്‍പായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇതോടെ പി കെ ശശി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമായി.

കഴിഞ്ഞ കുറച്ച് നാളുകളായി സിപിഐഎമ്മുമായി ഇടഞ്ഞ് നില്‍ക്കുകയാണ് പി കെ ശശി. സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ ശേഷമായിരുന്നു പി കെ ശശി പാര്‍ട്ടിയുമായി അകന്നത്. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളടക്കം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ശശിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്.

തുടര്‍ന്നുള്ള പി കെ ശശിയുടെ ഇടപെടലുകളില്‍ സിപിഐഎമ്മിനോടുള്ള അമര്‍ഷം പ്രകടമായിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വീടിന് മുന്നിലൂടെ കടന്നുപോയിട്ടും പി കെ ശശി പങ്കെടുത്തിരുന്നില്ല. കടുത്ത പനിമൂലമാണ് വിട്ടുനിന്നതെന്നായിരുന്നു പി കെ ശശി നല്‍കിയ മറുപടി. പിന്നാലെയാണ് ഇപ്പോള്‍ കെടിഡിസി ചെയര്‍മാന്‍ സ്ഥാനവും ശശി രാജിവെച്ചത്.

Content Highlights:CPI(M) rebel leader M Satheesh in Palakkad says he held discussions with PK Sasi after resigning from the post of KTDC chairman

To advertise here,contact us