ശബരിമല കൊടിമരക്കൊള്ള: അന്വേഷണം ശക്തമാക്കി വിജിലൻസ്; ദേവസ്വം ഓഫീസിലെ രേഖകൾ പിടിച്ചെടുത്തു

കൊടിമരം നിർമിച്ച അനന്തൻ ആചാരിയിൽ നിന്ന് വിജിലൻസ് മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ അന്വേഷണം കൂടുതൽ ശക്തമാക്കി വിജിലൻസ്. കൂടുതൽ പേരിൽ നിന്നും മൊഴിയെടുപ്പ് നടത്തിയ വിജിലൻസ് തെളിവുകളും ശേഖരിച്ചു. കൊടിമരം നിർമിച്ച അനന്തൻ ആചാരിയിൽ നിന്നാണ് വിജിലൻസ് പ്രധാനമായും മൊഴിയെടുത്തത്. ചെമ്പുപയോഗിച്ചുള്ള നിർമാണ പ്രവൃത്തികൾ ചെയ്തെന്ന് അനന്തൻ ആചാരി മൊഴി നൽകിയിട്ടുണ്ട്.

തിരുവാഭരണം കമ്മീഷണർ ഓഫീസിലെ സൂപ്രണ്ടിന്റെ മൊഴിയും വിജിലൻസ് എടുത്തിട്ടുണ്ട്. വിജിലൻസ് സംഘം പരിശോധനയ്ക്കായി സന്നിധാനത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ദേവസ്വം ഓഫീസിലെ രേഖകളാണ് പിടിച്ചെടുത്തത്. കൊടിമര നിർമാണ ചിത്രങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ വൻ കൊള്ള നടന്നതായാണ് വിജിലൻസിൻ്റെ അനുമാനം. കൊടിമര നിർമാണത്തിന് ശേഷം 30 പവൻ സ്വർണം ബാക്കി വന്നിരുന്നതായി ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9 കിലോ 570 ഗ്രാം സ്വർണമാണ് ദേവസ്വം ബോർഡിന്റെ കയ്യിലുണ്ടായിരുന്നത്. ഇതിൽ 9 കിലോ 340 ഗ്രാം സ്വർണമാണ് കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. ബാക്കി വന്ന 30 പവൻ സ്വർണത്തിന്റെ കണക്കുകൾ ദേവസ്വം ബോർഡിൻറെ പക്കൽ ഇല്ല.

കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഭക്തർ സംഭാവന ചെയ്ത 412 ഗ്രാം സ്വർണം ഉൾപ്പെടെയുള്ള സ്വർണത്തിന്‍റെ കണക്കുകളാണ് ഇല്ലാത്തത്. 27 ഭക്തരിൽ നിന്ന് സംഭാവനയായി ലഭിച്ച 412 ഗ്രാം സ്വർണമാണ് കാണാതായിരിക്കുന്നത്. എന്നാൽ ഇതിൽ ചില ഭക്തർ നൽകിയ സ്വർണത്തിന് രേഖകളില്ല. 27ൽ 12 പേർക്കും രസീത് നൽകാതെയാണ് സംഭാവന സ്വീകരിച്ചിരിക്കുന്നത്. സംഭാവന നൽകിയവരിൽ സിനിമ നടന്മാരും നിർമാതാക്കളുമുൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചിലരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭാവന നൽകിയ മറ്റുള്ളവരുടെ മൊഴി ഈ ആഴ്ച തന്നെ രേഖപ്പെടുത്തുമെന്ന് വിജിലൻസ് അറിയിച്ചു.

ശബരിമല ദ്വാരകശിൽപത്തിലെയും കട്ടിളപ്പാളിയിലെയും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് കൊടിമര പുനഃപ്രതിഷ്ഠയിലേക്കും അന്വേഷണം നീണ്ടത്. സ്വർണം പൊതിഞ്ഞ പഴയ കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചെന്ന് പറഞ്ഞായിരുന്നു 2017ൽ വൻ തുക ചെലവഴിച്ച് പുതിയത് നിർമിച്ചത്. എന്നാൽ കൊടിമരത്തിന്റെ അടിഭാഗത്തിന് ഒരു കുഴപ്പവുമില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ദേവസ്വം വിജിലൻസ് വിഷയത്തിൽ അന്വേഷണം നടത്തുകയും 2017 ൽ കൊടിമരം മാറ്റി സ്ഥാപിച്ചതിൽ സ്വർണവും പണവും ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇത് ശരിവെയ്ക്കുന്ന റിപ്പോർട്ടായിരുന്നു എസ്ഐടിയും സമർപ്പിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന വിജിലൻസിലേക്ക് കൊടിമരക്കൊള്ളയുടെ അന്വേഷണം എത്തുന്നത്.

Content Highlights : Sabarimala Flagpole gold theft case; vigilance strengthens investigation, gathers more evidences and statements

To advertise here,contact us