പി കെ ശശിയുടെ തുടര്‍നീക്കം അറിയില്ല; സര്‍ക്കാര്‍ പിആര്‍ കാരണം സീരിയല്‍ പോലും കാണാന്‍ വയ്യ: കെ സി വേണുഗോപാല്‍

പാര്‍ട്ടിക്കു മുന്നില്‍ ഒരു ആലോചനയുമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

തിരുവനന്തപുരം: കെടിഡിസി ചെയര്‍മാന്‍ സ്ഥാനം പി കെ ശശി രാജിവെച്ചതില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പി കെ ശശിയുടെ തുടര്‍നീക്കം അറിയില്ലെന്നും പാര്‍ട്ടിക്കു മുന്നില്‍ ഒരു ആലോചനയുമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇല്ലാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ പിആറില്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉപയോഗിക്കാമോ അതെല്ലാം ചെയ്യുമെന്നും സീരിയല്‍ പോലും കാണാന്‍ വയ്യാത്ത സാഹചര്യമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

നവകേരള സര്‍വേയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയമാണെന്നും ദുരുദ്ദേശം വ്യക്തമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അയ്യപ്പന്റെ പേരിലുളള കൊളള നാട് മറക്കില്ലെന്നും ആ വിഷയം അങ്ങനെ വിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലെ വോട്ടറുടെ വീട്ടില്‍ നിന്നും കപ്പയും മത്തിയും കഴിച്ചതുമായി ബന്ധപ്പെട്ട ട്രോളുകളെക്കുറിച്ചും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. 'കപ്പയും ചമ്മന്തിയും ചെറുപ്പം മുതലേ ഇഷ്ടമാണ്. എന്നെ ട്രോളിക്കോട്ടെ. വിലക്കയറ്റം ചര്‍ച്ചയായി. ആ വിഷയം ചര്‍ച്ചയായതിന്റെ അമര്‍ഷമാണ് ട്രോള്‍' എന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്.

സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്നതിനിടെയാണ് പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് സ്ഥാനം രാജിവെയ്ക്കുന്നതെന്ന് പി കെ ശശി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. രാജിക്കത്ത് ഇന്നലെയാണ് കൈമാറിയതെന്നും സിപിഐഎമ്മുകാരനായി തുടരുമെന്നും വ്യക്തമാക്കിയിരുന്നു. അതിനിടെ പി കെ ശശി യുഡിഎഫ് നേതാക്കളെ കണ്ടു എന്നുള്ള വിവരവും പുറത്തുവന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെയാണ് കണ്ടത്. രണ്ട് ദിവസം മുന്‍പായിരുന്നു കൂടിക്കാഴ്ച. ഇതോടെ പി കെ ശശി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

Content Highlights: KC Venugopal says dont know about pk sasi's next move

To advertise here,contact us