ആവിഷ്‌കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്,ലൗ ജിഹാദ് ഉണ്ടെങ്കിൽ തെളിവ് രാജീവ് പുറത്തുവിടണം: എം എ ബേബി

തുടര്‍ഭരണം വേണ്ടെന്ന എഴുത്തുകാരന്‍ സച്ചിദാനന്ദന്റെ പരാമര്‍ശത്തില്‍ വിയോജിപ്പുണ്ടെന്നും തിരുത്തേണ്ടത് തിരുത്തുമെന്നും എം എ ബേബി വ്യക്തമാക്കി

ന്യൂഡല്‍ഹി: കേരളാ സ്റ്റോറി 2 പുറത്തിറങ്ങാനിരിക്കെ സിനിമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേരളത്തെ അസംബന്ധമായ രീതിയില്‍ ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്നും സിനിമയെ ശക്തമായി അപലപിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്ത് അര്‍ത്ഥത്തിലാണ് കേരളാ സ്റ്റോറിയെ ന്യായീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ലൗ ജിഹാദ് സത്യമല്ലേ എന്ന് ചോദിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ അതിനുളള തെളിവ് കൂടി പുറത്തുവിടണമെന്നും എം എ ബേബി പറഞ്ഞു.

'ആവിഷ്‌കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്. കേരളം പോലൊരു സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. അതിനെ ശക്തമായി അപലപിക്കുന്നു. ലൗ ജിഹാദ് സത്യമാണെന്ന് പറയാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന് എങ്ങനെയാണ് സാധിക്കുന്നത്? ലൗ ജിഹാദ് ഉണ്ടോ എന്നതിന്റെ തെളിവ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കണം. കൃത്യമായ രാഷ്ട്രീയ അജണ്ടയാണ് ചിത്രം. സംവിധായകരുടെ രാഷ്ട്രീയമാണ് പിന്നില്‍. അവരുടെ ന്യായീകരണങ്ങള്‍ യുക്തിരഹിതവും അടിസ്ഥാനരഹിതവുമാണ്':എം എ ബേബി പറഞ്ഞു. തുടര്‍ഭരണം വേണ്ടെന്ന എഴുത്തുകാരന്‍ സച്ചിദാനന്ദന്റെ പരാമര്‍ശത്തില്‍ വിയോജിപ്പുണ്ടെന്നും തിരുത്തേണ്ടത് തിരുത്തുമെന്നും എം എ ബേബി വ്യക്തമാക്കി.

2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയുമാണ് ഈ രണ്ടാം ഭാഗവും ചെയ്യുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന കമന്റുകൾ. ഇത്തരം പ്രൊപ്പഗണ്ട സിനിമകൾ കൊണ്ട് കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തെയും മനുഷ്യാവകാശ ബോധങ്ങളെയും വ്യക്തി സ്വാതന്ത്ര്യത്തെയും തകർക്കാനാകില്ല എന്നാണ് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്. ട്രെയിലറിലെ ഒരു സീനിന് മലയാളികളുടെ കയ്യിൽ നിന്നും കണക്കിന് ട്രോളുകളും ലഭിക്കുന്നുണ്ട്. ചിത്രത്തിൽ കേരളത്തിൽ നിന്നുമുള്ള ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനാണ് ഏറ്റവുമധികം ട്രോളുയരുന്നത്. ബീഫിനോടുള്ള പ്രിയം മുതൽ ബീഫ് വിഭവങ്ങൾ വരെയാണ് ട്രോളുകളിലും കമന്റുകളായും സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Content Highlights: Freedom of expression should not be misused; m a baby against kerala story 2 movie

To advertise here,contact us