കൊച്ചി: നിർമാതാവ് നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ സംവിധായകനെ അറസ്റ്റ് ചെയ്ത രീതിയിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. രാത്രിയിൽ ഫ്ളാറ്റിന്റെ വാതിൽ കുത്തിത്തുറന്നായിരുന്നു സംവിധായകൻ ഷംസു സൈബ(ഷംസുദ്ദീൻ)യെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതാണ് കോടതിയിൽ വിമർശനം ഏറ്റുവാങ്ങിയത്. ഹിൽപാലസ് എസ്എച്ച്ഒ കോടതിയിൽ ഹാജരായിരുന്നു.
രാത്രി വാതിൽ കുത്തിതുറന്ന് അറസ്റ്റ് ചെയ്യേണ്ട തരത്തിൽ എന്ത് സാഹചര്യമായിരുന്നു ഉണ്ടായത് എന്ന് എറണാകുളം പ്രിൻസിപ്പൾ സെൻഷൻ കോടതി ചോദിച്ചു. ഈ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ ഉണ്ടല്ലോ. ആ കേസുകളിൽ ഇല്ലാത്ത ജാഗ്രത എന്തുകൊണ്ട് ഈ കേസിൽ ഉണ്ടായെന്നും കോടതി ചോദ്യമുന്നയിച്ചു. നടന്നത് സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും അറസ്റ്റിന് മുൻപ് എന്തുകൊണ്ട് നോട്ടീസ് നൽകിയില്ല എന്നും കോടതി ചോദിച്ചു. ഇവയ്ക്കൊന്നും കൃത്യമായ വിശദീകരണം നൽകാൻ പൊലീസിന് ആയില്ല.
നിർമാതാവ് സാമ്പത്തിക തട്ടിപ്പ് പരാതി ഉയർത്തിയതിന് പിന്നാലെ ഈ കോടതിയിൽ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കാൻ ഇരിക്കെയാണ് പൊലീസ് സംവിധായകനെ അറസ്റ്റ് ചെയ്തത്. ഈ തിടുക്കമാണ് കോടതിയിൽ കൂടുതൽ വിമർശനത്തിലേക്ക് നയിച്ചത്. സംവിധായകനടക്കം നിർമാതാവ് പരാതി ഉന്നയിച്ചവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ ഉത്തരവ് പറയും.
അതേസമയം, സംഭവുമായി ബന്ധപ്പെട്ട് ചില പ്രതികരണങ്ങൾ പൊലീസ് റിപ്പോർട്ടറിന് നൽകിയിരുന്നു. പൊലീസ് വാതിൽ പൊളിച്ച് എത്തുന്നതിന്റെ ദൃശ്യങ്ങൾ ഇന്ന് രാവിലെ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് പ്രതികരിച്ചത്. നോട്ടീസ് നൽകിയിട്ടും ഹാജരാകാൻ തയ്യാറായില്ലെന്നും അതുകൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് റിപ്പോർട്ടറിന് നൽകിയ പ്രതികരണം. ഫ്ളാറ്റിലെത്തി ബെല്ലടിച്ചിട്ടും പുറത്തിറങ്ങാൻ സംവിധായകൻ തയ്യാറായില്ലെന്നും അതുകൊണ്ടാണ് വാതിൽ തള്ളിതുറന്നത് എന്നുമാണ് പൊലീസ് പറയുന്നത്.
എന്നാൽ ഇത്തരം വിശദീകരണങ്ങൾ പൊലീസ് കോടതിയിൽ നൽകിയിട്ടില്ല.
നിർമാതാവ് നൽകിയ കേസിൽ ജാമ്യം ലഭിക്കുന്നതിന് മുൻപേ അറസ്റ്റ് നടക്കണമെന്ന് ആരോ നിർദേശം നൽകിയത് പോലെയാണ് തോന്നുന്നത് എന്ന് ഷംസു സൈബയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഷൂട്ടിംഗ് സമയത്ത് സാങ്കേതിക പ്രവർത്തകർക്ക് പ്രതിഫലം നൽകാത്തത് അടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് നിർമാതാവുമായി തർക്കങ്ങൾ ഉണ്ടായിരുന്നു എന്നും അതിന്റെ പകപോക്കലാണ് ഇപ്പോൾ നടക്കുന്നത് എന്നുമാണ് ഷംസുവിന്റെ പ്രതികരണം. ഇപ്പോൾ ചെയ്യുന്ന സിനിമയുടെ ഷൂട്ട് പൂർത്തിയാക്കിയ ശേഷം സ്റ്റേഷനിൽ ഹാജരാകമെന്ന് പറഞ്ഞിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.
സൈജു കുറുപ്പും തൻവി റാമും അർജുൻ അശോകനും പ്രധാന വേഷങ്ങളിലെത്തിയ 2025ൽ റിലീസ് ചെയ്ത അഭിലാഷം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നിയമപ്രശ്നങ്ങളും തർക്കവും നടക്കുന്നത്. നിർമാതാവായ ആൻ സരിഗ ആന്റണിയാണ് സംവിധായകനെതിരെ പരാതി ഉന്നയിച്ചത്. കരാറിനേക്കാൾ കൂടുതൽ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നാണ് നിർമാതാവ് നൽകിയ പരാതി. സിനിമാ ചിത്രീകരണത്തിനിടയിൽ വിശ്വാസവഞ്ചന കാണിച്ചെന്നും പരാതിയിലുണ്ടായിരുന്നു. 2.25 കോടി രൂപയ്ക്ക് നിർമാണം പൂർത്തിയാക്കാമെന്ന് വിശ്വസിപ്പിച്ച സംവിധായകൻ പക്ഷെ അനാവശ്യ കാലതാമസം ഉണ്ടാക്കി 3.25 കോടിയോളം ചെലവ് വരുത്തി എന്നാണ് നിർമാതാവ് പറയുന്നത്. മാസ്റ്റർ പ്രിന്റ് തന്റെ സമ്മതമില്ലാതെ കൈക്കലാക്കി എന്നും പരാതിയിലുണ്ട്. എന്നാൽ ഒരു തരത്തിലുള്ള അധിക ചിലവും വരുത്തിയിട്ടില്ലെന്നാണ് സംവിധായകന്റെ മറുപടി.
മണിയറയിലെ അശോകൻ എന്ന ചിത്രത്തിന് ശേഷം ഷംസു സൈബ സംവിധാനം ചെയ്ത ചിത്രമാണ് അഭിലാഷം. 2025ൽ റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപകശ്രദ്ധ നേടിയെങ്കിലും തിയേറ്ററിൽ വലിയ വിജയം നേടിയിരുന്നില്ല. എന്നാൽ ഒടിടിയിൽ എത്തിയതോടെ ചിത്രം വൻ പ്രേക്ഷകപ്രീതി നേടി. അഭിലാഷം സിനിമയിലെ 'ഖൽബിനകമേ' എന്ന പാട്ടും വൈറലായിരുന്നു. റീൽസുകളിൽ ഏറ്റവും മികച്ച പ്രണയഗാനങ്ങളിലൊന്നായി ഈ പാട്ടിനെ ഏറ്റെടുത്തവർ ഏറെയായിരുന്നു.
Content Highlights : Court slams police for the arrest of Abhilasham movie director Shamzu Zayba, criticises police for not following proper procedures