

കോഴിക്കോട്: കുറ്റ്യാടിയിലെ പുതുയുഗ യാത്രാ വേദിയില്‍ വെച്ച് ഷാഫി പറമ്പില്‍ എംപിയും മറ്റ് നേതാക്കളും തമ്മിലുണ്ടായ പിടിവലിയില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്. പ്രസംഗിക്കാന്‍ കഴിയാത്തതില്‍ ഷാഫിക്ക് അസ്വാരസ്യം ഉണ്ടായിരുന്നു എന്നും അത് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു എന്നും റിപ്പോര്‍ട്ടറിന് നല്കിയ പ്രതികരണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ഷാഫിയ്ക്ക് തോന്നിയ അസ്വസ്ഥത സ്വാഭാവികമാണെന്നും എന്നാല്‍ അത് പ്രകടിപ്പിച്ചപ്പോള്‍ അവധാനത കുറവുണ്ടായി എന്നും മുല്ലപ്പള്ളി പറഞ്ഞു. 'ഷാഫി അവിടുത്തെ എം പിയാണ്. സ്വഭാവികമായും അദ്ദേഹത്തിനവിടെ സംസാരിക്കാന്‍ ആഗ്രഹം കാണുമല്ലോ. എന്റെ വലതുവശത്തായിരുന്നു അദ്ദേഹം ഇരുന്നത്. സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഇവിടെ വന്നിരിക്കുന്ന ഇത്രയും വലിയ ജനക്കൂട്ടത്തില്‍ 80 ശതമാനം പേരും നമുക്ക് വോട്ട് ചെയ്തവരായിരിക്കും. അവരോട് എനിക്കൊന്ന് സംസാരിക്കണമെന്നുണ്ട് എന്നായിരുന്നു ഷാഫി എന്നോട് പറഞ്ഞത്.
പ്രസംഗിക്കാനായി രണ്ടാമതും മറ്റൊരാളുടെ പേര് വിളിച്ചപ്പോള്‍ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായിരുന്നു. അത് ആ മുഖത്ത് എഴുതിവെച്ചിരുന്നു. അതു കഴിഞ്ഞ് പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാന്‍ വിളിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ ആര്‍ക്കുമുണ്ടാകാവുന്ന അസ്വാരസ്യം അദ്ദേഹത്തിനുമുണ്ടായി. അവിടെ ഒരുപാട് ക്യാമറകളുണ്ടായിരുന്നു. ചെറിയൊരു അനവധാനത ഷാഫിക്കുണ്ടായി. പക്ഷെ, ഷാഫി നല്ലൊരു കുട്ടിയാണ്. പ്രതീക്ഷയുള്ള ചെറുപ്പക്കാരനാണ്. പറ്റിപ്പോയി അത്രയേ ഉള്ളു. അതില്‍ കൂടുതല്‍ നിങ്ങള്‍ വ്യാഖ്യാനിക്കരുത്,' മുല്ലപ്പള്ളി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാധ്യതകള്‍ തള്ളാതെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. എല്ലാ മണ്ഡലങ്ങളിലും താന്‍ സുപരിചിതനാണെന്നും ഇപ്പോഴും ആരോഗ്യവാനാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ തവണ ഹൈക്കമാന്‍ഡ് ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു. പക്ഷെ നിയമസഭയിലെ 140 മണ്ഡലങ്ങളിലും ഓടിനടന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്നും അന്ന് പറഞ്ഞിരുന്നു. അത് ഹൈക്കമാന്‍ഡ് മനസിലാക്കിയിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. വിജയ സാധ്യത മാത്രമാണ് ഇത്തവണ സ്ഥാനാര്‍ത്ഥിത്വത്തിലെ ഒരേയൊരു മാനദണ്ഡം. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് അങ്ങനെയാണ്. വ്യക്തികളെയും നിയോജകമണ്ഡലങ്ങളെുയും പറ്റി കൃത്യമായി പഠനവും ഹൈക്കമാന്‍ഡ് നടത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.

വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ വേദിയില്‍ വെച്ച് ഫെബ്രുവരി 11നായിരുന്ന കോണ്‍ഗ്രസിന് തലവേദനയായ സംഭവങ്ങള്‍ അരങ്ങേറിയത്. ജാഥാ ക്യാപ്റ്റനായ വി ഡി സതീശന് മുന്‍പ് ഷാഫി പറമ്പിലിനെ പ്രസംഗിക്കുന്നതിന് വിളിക്കാത്തതാണ് പ്രശ്നത്തിന് കാരണമായത്. ജാഥാ ക്യാപ്റ്റന്‍ മുന്‍പ് സംസാരിക്കേണ്ടിയിരുന്നത് ഷാഫി പറമ്പില്‍ ആയിരുന്നു. എന്നാല്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഷാഫിക്ക് മുന്‍പ് സതീശനെ ക്ഷണിച്ചു. ഇതിനിടെ വേദിയില്‍ നിന്ന് ഷാഫിയെ പ്രസംഗിക്കാന്‍ വിളിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.
ഇതിന് പിന്നാലെ ഷാഫി പറമ്പിലിനെ വിളിക്കാനായി പ്രമോദ് കക്കട്ടില്‍ മൈക്കിന് അടുത്തേയ്ക്ക് പോയി. ഇതിനിടെ 'വിളിച്ച് കഴിഞ്ഞിട്ടാണോ എന്നെ വിളിക്കുന്നത്' എന്ന് ഷാഫി ചോദിച്ചു. തുടര്‍ന്ന് വേദിയില്‍ പിടിവലിയുണ്ടായി. തൊട്ടുപിന്നാലെ സതീശന് വേദിയില്‍ എത്തുകയും സംസാരിക്കുകയും ചെയ്തു. സതീശന് സംസാരിച്ച ശേഷം പ്രമോദ് കക്കട്ടില്‍ വീണ്ടും ഷാഫിയെ ക്ഷണിക്കാനായി മൈക്കിനടുത്തേയ്ക്ക് വരാനുള്ള ശ്രമം നടത്തി. ഇതിനിടെ പ്രമോദ് കക്കട്ടിലിനെ ഷാഫി പറമ്പില്‍ തടഞ്ഞു. ഏറെ പരിശ്രമിച്ച് മൈക്കിന് അടുത്തേയ്ക്ക് വന്ന പ്രമോദ് കക്കട്ടില്‍ 'ഇനി പ്രിയപ്പെട്ട ഷാഫി പറമ്പില്‍ എംപി സംസാരിക്കും' എന്ന് പറഞ്ഞു.
പിന്നാലെ സംസാരിക്കാനായി ഷാഫി പറമ്പില്‍ മൈക്കിന് അടുത്തേയ്ക്ക് വന്നു. പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കാം എന്നും പറഞ്ഞു. 'പ്രതിപക്ഷ നേതാവിനോടാണ്, നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ കുറ്റ്യാടി കൂടി എണ്ണിക്കോളൂ' എന്ന് മാത്രമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. പിന്നാലെ അവിടെ നിന്ന് മാറുകയും ചെയ്തു. വേദിയില്‍ പിടിവലി നടക്കുമ്പോള്‍ ഇടപെടാതെ മാറിനില്‍ക്കുന്ന വി ഡി സതീശനെയും കാണാമായിരുന്നു. അതേസമയം സയമക്കുറവ് കാരണമാണ് മറ്റ് നേതാക്കള്‍ സംസാരിക്കുന്നത് ഒഴിവാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. വേദിയില്‍ പരക്കെ ആളുകള്‍ കയറിയത് സ്ഥിതി വഷളാക്കിയെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു.
Content Highlights: Mullappally Ramachandran aboout Shafi Parambil incident at Kuttyadi Puthuyuga yatra stage