കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തില്‍ അവകാശമില്ലെന്ന് ഹൈക്കോടതി. സ്വത്തവകാശ നിയമം ഇത്തരം കേസുകളില്‍ ബാധകമല്ലെന്നും ഭര്‍ത്താവ് സ്വത്തവകാശം നേടുന്നത് തടയാന്‍ കോടതിയ്ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ സ്വത്തില്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന ജില്ലാ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിയമ തത്വം ബാധകമാക്കുന്നത് കൊലയാളിയുടെ മൗലികാവകാശം ലംഘിക്കുന്നില്ലെന്ന് ജസ്റ്റിസ് എസ് ഈശ്വരന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
ക്രിസ്ത്യന്‍ മതവിശ്വാസികളായ ദമ്പതികളുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി. 1996-ലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഇവര്‍ ജോയിന്റ് അക്കൗണ്ടില്‍ 75,000 രൂപ നിക്ഷേപിച്ചിരുന്നു. 1997-ല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഇയാള്‍ അറസ്റ്റിലാവുകയും കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. ശേഷം ജോയിന്റ് അക്കൗണ്ടിലെ തുകയ്ക്കായി കൊല്ലപ്പെട്ട സ്ത്രീയുടെ അമ്മ ക്ലെയിം ചെയ്തു. എന്നാല്‍ സ്വത്തവകാശം ഭര്‍ത്താവിനാണ് എന്നായിരുന്നു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെയും ജില്ലാ കോടതിടുടെയും വിധി. ഇതിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlights: Husband who killed his wife has no right to her property says highcourt