സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ അടിയന്തര നടപടി; ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സിസേറിയനിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ അടിയന്തര നടപടി. നെടുമങ്ങാട് ജില്ലാ ആശുരപത്രിയിലെ ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കാണ് ബിന്ദുവിനെ സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി.

ഡോക്ടര്‍ ബിന്ദുവിനെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസര്‍ജ്യം പുറത്തേക്ക് പോകുന്നെന്ന പരാതിയില്‍ ഡോ. ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്.

ഇതിനിടെയാണ് സിസേറിയനിടെ കുഞ്ഞ് മരിച്ചെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.

വിതുക സ്വദേശികളായ എന്‍ കെ നിരഞ്ജന കൃഷ്ണന്റെയും ബിനില്‍ മനോഹറിന്റെയും പെണ്‍കുഞ്ഞായിരുന്നു ചൊവ്വാഴ്ച മരിച്ചത്. തിങ്കള്‍ രാവിലെ പത്തിന് ഒന്‍പതാം മാസത്തെ സ്‌കാന്‍ റിപ്പോര്‍ട്ട് കാണിക്കാന്‍ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയതായിരുന്നു നിരഞ്ജനയും ഭര്‍ത്താവും. തുടര്‍ന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 4.30 ന് ലേബര്‍ റൂമില്‍ കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രസവം നടന്നില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. രണ്ട് മണിയായിട്ടും പ്രസവം ഉണ്ടായില്ല. തുടര്‍ന്ന് 2.20ന് ആംബുലന്‍സില്‍ മറ്റൊരു കെട്ടിടത്തിലെ ശസ്ത്രക്രിയ തീയറ്ററിലേക്ക് മാറ്റി. ഇവിടെ എത്തി പത്ത് മിനിറ്റിനുള്ളില്‍ ശസ്ത്രക്രിയ കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ബിനിലിനെ വിളിച്ച് കാര്യം അറിയിച്ചത്. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.

Content Highlights- Emergency action was taken after a baby died during a cesarean surgery, and Doctor Bindu Sundar was transferred from the hospital

To advertise here,contact us