കൊട്ടിയം: ശബരീമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹർജികൾ പുനഃപരിശോധിക്കാൻ സുപ്രീംകോടതി ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ വിഷയത്തിലെ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ വീണ്ടും ചർച്ചയാവുകയാണ്. ഈ അവസരത്തിൽ യുവതീപ്രവേശനത്തിൽ സർക്കാർ സർക്കാർ നിലപാട് മാറ്റരുതെന്ന് ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് കെപിഎംഎസ്.
ലിംഗസമത്വ ആശയങ്ങളിൽ നിന്ന് പിന്തിരിയരുതെന്നും കാലത്തിന്റെ പ്രയാണത്തിൽ ആചാരങ്ങൾക്ക് മാറ്റം ഉണ്ടാകണമെന്നുമാണ് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞത്. 'രാഷ്ട്രീയ പാർട്ടികൾ Yes or No ആവശ്യപ്പെട്ട് സർക്കാരിനെ പ്രകോപിപ്പിക്കുകയാണ്. അവർക്ക് അധികാരത്തിന്റെ പ്രശ്നമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അധികാരത്തിന്റേതല്ല, സമൂഹത്തിന്റെ പരിഷ്കരണത്തിന്റെ പ്രശ്നമാണ്,' പുന്നല ശ്രീകുമാർ പറഞ്ഞു.
പുരോഗമന ആശയങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയരുതെന്നാണ് കെപിഎംഎസ് ആവശ്യപ്പെടുന്നത്. യാഥാസ്ഥിതിക നിലപാടുകളെ പുനസ്ഥാപിക്കാൻ ശ്രമിക്കുന്നവർ പുതിയ കാലത്തെ നയിക്കാൻ യോഗ്യരല്ല. അയ്യങ്കാളിയുടെ പാരമ്പര്യം പേറുന്നവർക്ക് ആദ്യ കോടതിവിധിയുടെ പക്ഷത്ത് നിൽക്കാനേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ശബരിമല വിഷയം സുപ്രീംകോടതിയിൽ എത്തുന്നത് സംസ്ഥാന സർക്കാരിന് നിർണായകമാകും. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ൽ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ഇതിനെ എതിർത്തെങ്കിലും 2018ൽ പിണറായി വിജയൻ സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോടതി നിർണായക വിധി പുറപ്പെടുവിച്ചിരുന്നത്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, വിഷയത്തിൽ സംസ്ഥാന സർക്കാർ കോടതിയിൽ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് നിർണായകമാണ്. പഴയ നിലപാടിൽ തുടരുമോ അതോ സ്ത്രീപ്രവേശനത്തെ എതിർക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്.
ഇതു സംബന്ധിച്ച ചോദ്യത്തോട് നിലപാട് പറയേണ്ട സമയത്ത് പറയുമെന്നും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കേണ്ടതുണ്ടെങ്കിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. പാർട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല. ഇത് കേരളത്തിലെ വിഷയമാണ്. സംസ്ഥാന സർക്കാർ ചർച്ച ചെയ്തു തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നിലപാട് പറയാൻ സമയമായിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ പ്രതികരണം. ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് തിരുത്തണമെന്നാണ് സർക്കാരിനോട് എൻഎസ്എസും എസ്എൻഡിപിയും ആവശ്യപ്പെടുന്നത്. ശബരിമലയിൽ ആചരങ്ങൾ സംരക്ഷിക്കണമെന്നും അതുകൊണ്ട് സ്ത്രീ പ്രവേശനത്തെ പിന്തുണക്കാനാകില്ലെന്നാണ് കോൺഗ്രസ് നിലപാട്.
അതേസമയം, ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. ഏപ്രിലിൽ ഏഴിന് വിശദവാദം തുടങ്ങും. ശബരിമല യുവതീ പ്രവേശമുൾപ്പെടെ മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
പുനഃപരിശോധനാ ഹർജിയെ എതിർക്കുന്നവരുടെ വാദങ്ങൾ ഏപ്രിൽ 14 മുതൽ ഏപ്രിൽ 16 വരെ കേൾക്കും. ഏപ്രിൽ 21ന് മറുപടി സത്യവാങ്മൂലങ്ങൾ സമർപ്പിക്കാം. ഏപ്രിൽ 22ഓടുകൂടി വാദം അവസാനിപ്പിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. ഈ വാദം കേൾക്കുന്ന ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ വിവരങ്ങൾ അറിയിക്കും.
Content Highlights : KPMS asks Kerala Government not to wothdraw their stand supporting Sabarimala woman entry