ബാറുകളുടെ പ്രവർത്തന സമയം ഇനി മുതൽ രാത്രി 12 മണിവരെ; സമയം കൂട്ടാന്‍ എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ

നിലവിൽ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയാണ് ബാറുകൾ തുറന്നുപ്രവർത്തിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം കൂട്ടാൻ എക്സൈസ് വകുപ്പിൻ്റെ ശുപാർശ. രാവിലെ 10 മണി മുതൽ രാത്രി 12 വരെ പ്രവർത്തന സമയം കൂട്ടാനാണ് തത്വത്തിൽ തീരുമാനം.ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും. വിനോദസഞ്ചാര മേഖലയുടെ വളർച്ചയെ മുൻനിർത്തിയാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം. നിലവിൽ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയാണ് ബാറുകൾ തുറന്നു പ്രവർത്തിക്കുന്നത്.

വിനോദയാത്രികർക്ക് രാത്രിയിൽ കൂടുതൽ സമയം ലഭ്യമായാൽ അത് വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് എക്‌സൈസ് മന്ത്രി പങ്കെടുത്ത ചർച്ചകളിൽ വിലയിരുത്തപ്പെട്ടത്. ബാർ ഉടമകളുടെ ദീർഘകാല ആവശ്യം അംഗീകരിച്ചതോടെ ഇനി ദിവസേന രണ്ട് മണിക്കൂർ അധികം ഇവ പ്രവർത്തിക്കും.

മുൻപ് ടൂറിസം മേഖലയിലെ ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ഈ ആനുകൂല്യം തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതി മറ്റ് ബാറുടമകൾ ഉന്നയിച്ചിരുന്നു.

Content highlights: Kerala government approves new bar timings from 10 am to 12 midnight as part of a revised liquor policy to support tourism

To advertise here,contact us