'ജയിലിന് പുറത്തുനിന്നും സഹായം ലഭിച്ചിട്ടില്ല'; ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ അന്വേഷണം അന്തിമഘട്ടത്തിൽ

സംഭവം നടന്ന് ആറുമാസം കഴിഞ്ഞിട്ടും അന്തിമ കുറ്റപത്രം നല്‍കിയിട്ടില്ല

തിരുവനന്തപുരം: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ പൊലീസ് അന്വേഷണം അന്തിമഘട്ടത്തില്‍. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായര്‍ ഗോവിന്ദച്ചാമിയുടെ മൊഴിയെടുത്തു. പരോളില്ലാത്തതും നല്ല ഭക്ഷണം ലഭിക്കാത്തതുമാണ് ജയില്‍ ചാട്ടത്തിന് കാരണമെന്നാണ് ഗോവിന്ദച്ചാമി നല്‍കിയ മൊഴി. ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ജയിലിന് പുറത്തുനിന്നും ഗോവിന്ദച്ചാമിയ്ക്ക് സഹായം ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

സംഭവം നടന്ന് ആറുമാസം കഴിഞ്ഞിട്ടും അന്തിമ കുറ്റപത്രം നല്‍കിയിട്ടില്ല. കൂടുതല്‍ പേരെ ചോദ്യംചെയ്തുവരികയാണ് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സസ്‌പെന്‍ഷനിലായ ജയില്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതോടെയാണ് നാല് ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിച്ചത്. കണ്ണൂരില്‍ നിന്ന് മാറ്റി മറ്റ് ജയിലുകളിലേക്കാണ് ഇവരെ നിയോഗിച്ചത്.

വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നും ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നും ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ സർക്കാർ നിയോഗിച്ച കമ്മീഷൻ ഏപ്രിലിൽ റിപ്പോർട്ട് സമർപ്പിക്കും. കാലാവധി നീട്ടി ലഭിച്ചെന്ന് റിട്ട. ജ. സി എൻ രാമചന്ദ്രൻ നായർ അറിയിച്ചു. ജയിലുകളിൽ അന്തേവാസികളുടെ എണ്ണം പരിധിക്ക് അപ്പുറമുണ്ടെന്ന് സി എൻ രാമചന്ദ്രൻ നായർ റിപ്പോർട്ടറിനോട് പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ സെൻട്രൽ ജയിൽ സ്ഥാപിക്കണമെന്നും കണ്ണൂർ സെൻട്രൽ ജയിലിന് പഴക്കം കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആവശ്യത്തിന് ജയിൽ ജീവനക്കാർ ഇല്ലെന്നും ജയിൽ പൊളിച്ചു പണിയേണ്ട സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ജയിലുകളിൽ ക്യാമറ നിരീക്ഷണം ശക്തമാക്കണം, വൈദ്യുതി ഫെൻസിംഗ് ഏർപ്പെടുത്തണം, തടവുകാരെ കോടതികളിലും മറ്റും ഹാജരാക്കി മടങ്ങുമ്പോൾ കർശന പരിശോധന വേണം, ലഹരി ഉൽപ്പന്നങ്ങളും മൊബൈൽ ഫോണുകളും ജയിലിൽ എത്താതിരിക്കാൻ നടപടി വേണം എന്നീ നിർദേശങ്ങളും സി എൻ രാമചന്ദ്രൻ നായർ റിപ്പോർട്ടിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ജൂലൈ 24-ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാവിലെ പത്തരയോടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്ന് പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ വെച്ചാണ് ഗോവിന്ദച്ചാമി സൗമ്യ എന്ന യുവതിയെ ആക്രമിച്ചത്. ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

2016ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗം നടന്നതായി ബോധ്യപ്പെടുകയും ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: 'Govindhachamy didnt get help from outside the prison': case investigation in final stages

To advertise here,contact us