കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മര ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് വീടുകള്‍ നിര്‍മിച്ച് നല്കുന്ന സൈറ്റിലേക്കുളള സന്ദര്‍ശകരുടെ വരവിന് നിയന്ത്രണം. ദുരിതബാധിതര്‍ക്കായി ആദ്യഘട്ടത്തില്‍ ലീഗ് കൈമാറുന്ന ഭവനങ്ങളുടെ അവസാനഘട്ട മിനുക്ക് പണികള്‍ പൂര്‍ത്തിയായി വരികയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഭംഗിയിലും വൃത്തിയിലും ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ കൈമാറാനും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും സന്ദര്‍ശകരുടെ തിരക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്നും ഈ സാഹചര്യം കണക്കിലെടുത്ത് എല്ലാ പ്രവര്‍ത്തകരും ഫെബ്രുവരി 28-ന് ഉദ്ഘാടനം നടന്നതിന് ശേഷം മാത്രം പ്രൊജക്ട് സൈറ്റ് സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും പി എം എ സലാം പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ വിവരം അദ്ദേഹം അറിയിച്ചത്.
മുസ്ലിം ലീഗിന്റെ മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായുളള ആദ്യഘട്ടത്തിലെ 51 വീടുകളുടെ ഗുണഭോക്താക്കള്‍ക്കായുളള നറുക്കെടുപ്പ് ഇന്ന് നടന്നു. ഫെബ്രുവരി 28-നാണ് വീടുകള്‍ കൈമാറുക. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളാണ് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുക. വയനാട് എംപി പ്രിയങ്കാ ഗാന്ധി ചടങ്ങില്‍ മുഖ്യാതിഥിയാകും. അവശേഷിക്കുന്ന ഗുണഭോക്താക്കള്‍ക്ക് മെയ് മാസത്തിന് മുന്‍പ് തന്നെ വീടുകള്‍ നിര്‍മിച്ച് കൈമാറുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.
മേപ്പാടി പഞ്ചായത്തിലെ മുക്കംകുന്നില്‍ പുനരധിവാസത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ എട്ട് സെന്റില്‍ 1060 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുളള വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. മൂന്ന് കിടപ്പുമുറികളോട് കൂടിയ, ഭാവിയില്‍ മുകളിലേക്ക് ഒരു നില കൂടി നിര്‍മിക്കാന്‍ കഴിയുന്ന തരത്തിലാണ് വീടുകള്‍ നിര്‍മിച്ചിട്ടുളളത്. മൂന്ന് സ്ഥലങ്ങളിലായി 12 ഏക്കര്‍ ഭൂമിയാണ് മുസ്ലിം ലീഗ് മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനായി ഏറ്റെടുത്തത്. മുട്ടില്‍- മേപ്പാടി റോഡരികില്‍ തന്നെയാണ് മൂന്ന് സ്ഥലങ്ങളും. തോട്ടം ഭൂമിയാണെന്ന് കാണിച്ച് പരാതികള്‍ വന്നതോടെ കുറച്ചുകാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു.
Content Highlights: Construction of houses for Wayanad Lanslide victims; Muslim League imposes restrictions on visitors