കോഴിക്കോട് ടെക്‌സ്‌റ്റൈല്‍സിലെ തീപിടിത്തം: ജീവഹാനി ഉണ്ടായിട്ടില്ല, അപകടത്തിന്റെ കാരണം പരിശോധിക്കും: മന്ത്രി

അടിക്കടി തീപിടിത്തം ഉണ്ടാകുമ്പോൾ സംശയമുണ്ടാവുക സ്വാഭാവികമാണെന്ന് മന്ത്രി

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിലെ തീപിടിത്തത്തിൽ ജീവഹാനി ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തീ അണച്ച് പരിശോധന നടത്തിയതിനുശേഷം മാത്രമേ അപകട കാരണം കണ്ടെത്താൻ കഴിയൂ. ലഭ്യമായ ഫയർ എഞ്ചിനുകൾ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അടിക്കടി തീപിടിത്തം ഉണ്ടാകുമ്പോൾ സംശയമുണ്ടാവുക സ്വാഭാവികമാണ്. തീപിടിത്തിൻ്റെ കാരണം എന്തെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ വിദഗ്ധരാണ് അഭിപ്രായം പറയേണ്ടത്. അടിയന്തര സാഹചര്യം നേരിടാൻ ആർആർടികളെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരമാണ് കോഴിക്കോട് പാളയം റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ തീപിടിത്തമുണ്ടായത്. ടെക്സ്റ്റൈൽസിന്‍റെ രണ്ടും മൂന്നും നിലകളിൽ തീ ആളിപ്പടരുകയായിരുന്നു.

തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കി. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപ്പടരുകയായിരുന്നു. പതിനായിരം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്‍റെ മൂന്ന് നിലകളിലായാണ് തീപിടിച്ചത്. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപ്പടര്‍ന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Content Highlight : AK Saseendran says no lives were lost in the fire at Jayalakshmi Textiles in Kozhikode. He added that when fires occur repeatedly, it is natural to have suspicions, and the cause of the fire will be investigated.

To advertise here,contact us