സാഹിത്യ അക്കാദമി ഭരണ സമിതിയുടെ കാലാവധി നീട്ടി സർക്കാർ; നടപടി അധ്യക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ

മാർച്ച് 31 വരെയായിരുന്നു നിലവിൽ കാലാവധിയുണ്ടായിരുന്നത്

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സാഹിത്യ അക്കാദമി ഭരണ സമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സർക്കാർ. കവി കെ സച്ചിദാനന്ദൻ പ്രസിഡന്റായ ഭരണ സമിതിയുടെ കാലാവധിയാണ് മെയ് 31 വരെ നീട്ടിയത്. മാർച്ച് 31 വരെയായിരുന്നു നിലവിൽ കാലാവധിയുണ്ടായിരുന്നത്. ഇതാണ് മെയ് 31ലേക്ക് നീട്ടി സർക്കാർ ഉത്തരവിറക്കിയത്.

കേരളത്തിൽ ഭരണമാറ്റം ഉണ്ടാകണമെന്ന അഭിപ്രായം കെ സച്ചിദാനന്ദൻ പ്രകടിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കേരളത്തിന് ഭരണതുടർച്ച നല്ലതല്ലെന്നും രണ്ട് മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്നുമായിരുന്നു സച്ചിദാനന്ദന്റെ വിവാദ പരാമർശം. ഇതോടെ ഇടത് ഹാൻഡിലുകളിൽ നിന്ന് വ്യാപക സൈബർ ആക്രമണമാണ് സച്ചിദാനന്ദന് നേരിടേണ്ടി വന്നത്. പിന്നാലെ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ സച്ചിദാനന്ദനെ വീട്ടിലെത്തി കണ്ടിരുന്നു. സച്ചിദാനന്ദന്റേത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ലെന്നും വിശാലമായ താത്വികതലത്തിലാണ് പ്രതികരണമെന്നും അബ്ദുൾ ഖാദർ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നിരവധി സിപിഐഎം നേതാക്കൾ സച്ചിദാനന്ദന്റെ വിമർശനത്തിൽ പ്രതികരിച്ച് രംഗത്തുവന്നിരുന്നു. കവിയുടേത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിനർത്ഥം ഈ സർക്കാർ വേണ്ടതില്ലെന്നോ തുടരേണ്ട എന്നതോ അല്ല. തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ആവശ്യമായ തിരുത്തലുകൾ വരും. സച്ചിദാനന്ദന്റെ വിമർശനം ഉൾക്കൊള്ളുന്നു എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രതികരണം.

വിമർശനങ്ങളെ അവസരങ്ങളായി കാണുന്നുവെന്നാണ് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ തോമസ് ഐസക് പറഞ്ഞത്. എന്നാൽ സച്ചിദാനന്ദന്റെ അഭിപ്രായമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ അണികൾക്കും ജനങ്ങൾക്കുമെന്നായിരുന്നു മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രതികരണം. വികസനം തുടരണം എന്നതാണ് എല്ലാവരുടേയും അഭിപ്രായമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ സച്ചിദാനന്ദന്റെ വിമർശനത്തോട് കാതുപൊത്തില്ല എന്നും നിർദേശത്തെ ഗൗരവത്തോടെ കാണുമെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയും സാഹിത്യകാരൻ അശോകൻ ചെരുവിലും സച്ചിദാനന്ദനെ വിമർശിച്ച് രംഗത്തെത്തിയപ്പോൾ സാഹിത്യകാരി സാറാ ജോസഫ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

സച്ചിദാനന്ദൻ വിവാദ പരാമർശം നടത്തിയിട്ടും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് പുറത്താക്കിയില്ലെന്നും ആശാ സമരത്തെ പിന്തുണച്ച നിലപാടിന് പിന്നാലെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ പുറത്താക്കിയെന്നും നടൻ പ്രേം കുമാർ ആരോപിച്ചിരുന്നു. ഇത് ഇരട്ടനീതിയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights:‌ State government extends Sahitya Akademi governing body's term amid controversies

To advertise here,contact us