പിതാവിന്റെ മരണത്തോടെ വായ്പാതിരിച്ചടവ് മുടങ്ങി;ജപ്തി ഭീഷണിയിൽ പ്ലസ്ടു വിദ്യാർത്ഥി,ഇടപെട്ട് രാജ്മോഹൻ ഉണ്ണിത്താൻ

ബാങ്കില്‍ നിന്നെടുത്ത ലോണിന്‍റെ തിരിച്ചടവ് പിതാവ് മരിച്ചതോടെ മുടങ്ങി. ഇതാണ് ജപ്തി നടപടികളിലേക്ക് കടക്കാൻ കാരണം.

കാസര്‍കോട്: ഇടയലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വീട് ജപ്തി ഭീഷണിയില്‍. വീട് വയ്ക്കാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് 17കാരന്‍റെ വീട് ജപ്തി ചെയ്യാനൊരുങ്ങുന്നത്. പിതാവിന്റെ മരണത്തോടെയായിരുന്നു വായ്പാ തിരിച്ചടവ് മുടങ്ങിയത്. വിദ്യാർത്ഥിക്ക് നാളെ മോഡൽ പരീക്ഷ നടക്കാനിരിക്കെയാണ് വീട് ജപ്തി ചെയ്യാനൊരുങ്ങുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പിതാവിന്റെ മരണം. 19 ലക്ഷം രൂപയോളം വായ്പയെടുത്തതില്‍ ഇനി 8.25 ലക്ഷം രൂപ കൂടിയാണ് തിരിച്ചടയ്ക്കാനുള്ളത്.

അച്ഛന്റെ സ്വപ്‌നമായിരുന്ന വീട് ജപതി ചെയ്ത് പോകുന്നു എന്ന് പറയുമ്പോള്‍ താങ്ങാനാകാത്ത സങ്കടമുണ്ടെന്ന് വിദ്യാർത്ഥി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അച്ഛന്റെ മരണ ശേഷം ഓഹരിയില്‍ നിന്ന് ലഭിച്ച കുറച്ച് പണം ബാങ്കില്‍ അടച്ചിരുന്നു. എന്നാല്‍ പിന്നെ പണം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. വീട് നഷ്ടപ്പെടുമോ എന്ന ആശങ്കയുള്ളതിനാല്‍ പഠിക്കാന്‍ പോലും കഴിയുന്നില്ലെന്നും കുട്ടി പറഞ്ഞു. രണ്ട് ലക്ഷം രൂപ ഇപ്പോള്‍ അടച്ചാല്‍ കുറച്ച് സമയം നീട്ടി തരാന്‍ കഴിയുമെന്നാണ് ബാങ്കില്‍ നിന്ന് പറഞ്ഞതെന്നും വിദ്യാർത്ഥി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കാസര്‍കോട് ജില്ലയിലെ അര്‍ജുന്‍ എന്ന കുട്ടിയുടെ മാത്രം പ്രശ്‌നമല്ലെന്നും ഇത്തരത്തില്‍ നിരവധിയാളുകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. അതാത് പ്രദേശത്തെ ആളുകള്‍ സഹകരിക്കാതെ ഇക്കാര്യത്തില്‍ പരിഹാരം കാണാനാകില്ല. കുടുംബം എവിടെയാണോ താമസിക്കുന്നത് ആ നാട്ടിലെ ആളുകളെ കാര്യം അറിയിച്ച് ജനകീയ കമ്മിറ്റി വിളിച്ച് ചേര്‍ത്ത് പണം കണ്ടെത്തണം. ഇത്തരം കേസുകള്‍ പരിഹരിക്കാന്‍ അതാണ് മാര്‍ഗമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. താല്‍കാലികമായി ജപ്തി അല്‍പം ദിവസത്തേക്ക് മാറ്റിവെക്കാന്‍ താന്‍ പറയാമെന്നും രണ്ടാം ഘട്ടം പിന്നീട് നോക്കാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight; Plus Two student's house under threat of seizure in kasargod. Rajmohan Unnithan MP intervenes in reporter's news

To advertise here,contact us