കാസര്‍കോട്: ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് സന്ദേശ് ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് പൊലീസ്. ചിന്നുവിന്റെ മരണത്തിന് ശേഷം സന്ദേശിനെതിരെ സൈബര്‍ ആക്രമണമുണ്ടായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ചിന്നുവിനെ മരണത്തിലേക്ക് നയിച്ചത് ആണ്‍സുഹൃത്തുമായുള്ള തര്‍ക്കമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ചിന്നുവിന്റെ മരണത്തില്‍ സന്ദേശിന്റെ പ്രേരണയില്ലെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസമായിരുന്നു ചിന്നു പാപ്പുവിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇന്നലെ സന്ദേശും ജീവനൊടുക്കിയത്. കാസര്‍കോട് ചൗക്കി സ്വദേശിയാണ് സന്ദേശ്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു സന്ദേശിന്റെ മൃതദേഹം കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സുള്ള ചിന്നു പാപ്പുവിന്റെ മരണം ഞെട്ടിക്കുന്നതായിരുന്നു. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാള്‍ക്കൊപ്പമാണ് സുഹൃത്ത് ചിന്നുവിന്റെ മുറിയിലെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാവിലെ ജോലിക്ക് പോയിരുന്ന ആണ്‍സുഹൃത്ത് ഇടയ്ക്ക് ചിന്നുവിനെ വിളിച്ച് നോക്കിയെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോളും ഫോണ്‍ എടുക്കാതെ വന്നപ്പോളാണ് ഇയാള്‍ സുഹൃത്തിനെയും കൂട്ടി റൂമിലെത്തിയത്.
വളരെ കാലമായി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ആസാദ് നഗറിലെ ക്വാട്ടേഴ്സില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു. ചിന്നുവും ആണ്‍സുഹൃത്തും ഒരുമിച്ചായിരുന്നു താമസം. ഇയാളുമായുള്ള ചില തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ആരോപണം ഉയര്‍ന്നിരുന്നു.
Content Highlight; Influencer Chinnu Pappu’s Boyfriend Sandesh Died Due to Severe Mental Stress, Police Say