'ദാനം ചെയ്ത അവയവം ഘടിപ്പിക്കാൻ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാർക്ക് പണം നൽകരുത്'; ആലിന്‍റെ മുത്തച്ഛൻ

ചില ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം ആവശ്യപ്പെട്ടെന്ന് റെജി സാമുവല്‍ റിപ്പോര്‍ട്ടറിനോട്

പത്തനംതിട്ട: ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിന്‍ ഷെറിന്റെ മുത്തച്ഛന്‍ റെജി സാമുവല്‍. എല്ലാവരും ഒന്നിച്ച് നിന്നപ്പോള്‍ ചില ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം ആവശ്യപ്പെട്ടെന്ന് റെജി സാമുവല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സര്‍ക്കാരോ അവയവം സ്വീകരിച്ച കുട്ടികളുടെ കുടുംബമോ തങ്ങളോ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റെജി സാമുവല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും പറഞ്ഞ് ചിലര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. ശസ്ത്രക്രിയകളും ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും നടത്തുന്നത് സൗജന്യമായാണ്. അതിന് പണം ആവശ്യമില്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പിന്തുണ അറിയിച്ചിരുന്നു. ഗവണ്‍മെന്റ് പണം ആവശ്യപ്പെടുകയല്ല. പണം മുടക്കാന്‍ തയ്യാറാണെന്നാണ് പറയുന്നത്. എന്നാല്‍ ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അതിനാല്‍ ആരും ഒരു രൂപ പോലും കൊടുക്കരുതെന്നാണ് പറയാനുള്ളതെന്നും റെജി സാമുവല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഫെബ്രുവരി അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ കവലയിലുണ്ടായ വാഹനാപകടത്തിലാണ് നെടുങ്ങാടപ്പള്ളി വാലുമണ്ണില്‍ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളായ ആലിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതോടെ കുടുംബം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ആലിന്റെ വൃക്കകള്‍, കരള്‍, ഹൃദയവാല്‍വ്, നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്തുമാസം പ്രായമുള്ള ആലിന്‍ മാറി. വെറും പത്തുമാസം മാത്രം ഈ ഭൂമിയില്‍ ജീവിച്ച് സ്വന്തം ജീവിതം കൊണ്ട് ലോകത്തിനമുന്നില്‍ അവയവദാനമെന്ന മഹത്തായ സന്ദേശം നല്‍കിയാണ് ആലിന്റെ വേര്‍പാട്. അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങളിലൂടെ അഞ്ച് പേര്‍ക്കാണ് പുതുജീവിതം ലഭിക്കുക.

Content Highlight; Alin Sherin’s Grandfather Reji Samuel Alleges Fraud; Fake Social Media Campaign Sought Money for Donated Organ Transplant

To advertise here,contact us