തിരുവനന്തപുരം: ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്തതില്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷമെന്ന് റിപ്പോര്‍ട്ട്. എസ്എഫ്ഐ പ്രവര്‍ത്തര്‍ പൊലീസുകാരനെ മര്‍ദിച്ചിട്ടും, പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസിനെതിരെ കേസെടുത്തു എന്നാണ് സേനയ്ക്കുള്ളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.
എസ്എഫ്ഐക്കാരുടെ പരാതിയില്‍ എആര്‍ ക്യാമ്പിലെ സിപിഒ ആയ മിഥുന് റോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകളാണെന്നും കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് കേസെന്നുമാണ് ആക്ഷേപം. മിഥുന്റെ പരാതിയില്‍ എസ്എഫ്ഐക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് നിസ്സാരമായ വകുപ്പുകള്‍ മാത്രമാണെന്നും ഇവര്‍ ആരോപിക്കുന്നു. പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയായേക്കും.
ഇന്നലെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ചായിരുന്നു സംഭവം. ശംഖുമുഖം ബീച്ചിലെ ന്യൂ ഇയര്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. ന്യൂ ഇയര്‍ രാത്രിയില്‍ സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് എസ്എഫ്ഐക്കാരും പൊലീസും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐ പ്രവര്‍ത്തകരടക്കം അവിടെ കൂടിയവരെ മര്‍ദിച്ച സംഘത്തില്‍ മിഥുനും ഉണ്ടായിരുന്നു എന്നാണ് വിവരം.
ഈ സംഭവത്തിലുള്ള പ്രതികാരമാണ് ശനിയാഴ്ച മാളില്‍ നടന്നത് എന്ന് കരുതപ്പെടുന്നു. മാളിലേക്ക് കുടുംബത്തോടൊപ്പം മിഥുന് എത്തിയപ്പോഴാണ് എസ്എഫ്ഐക്കാരുമായി സംഘര്‍ഷം ഉണ്ടായത്. മാളില്‍ നിന്നും ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ന്യൂഇയര്‍ പരിപാടിയിലെ സംഭവത്തെ കുറിച്ചും, 'ഇപ്പോള്‍ പേടിയാണോ അടിക്കണോ' എന്നിങ്ങനെയും പിന്നാലെ നടന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് എസ്എഫ്ഐക്കാരിലെ ഒരാളും മിഥുനും തമ്മില്‍ ഉന്തും തള്ളും നടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ വീഡിയോ പകര്‍ത്തുന്നതും ഈ വീഡിയോയില്‍ കാണാം.
തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചെന്ന് പ്രവര്‍ത്തകര്‍ക്കെതിരെ മിഥുന് നല്കിയ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സുജിത്ത്, രേവന്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ പരാതി സ്വീകരിക്കാനും കേസെടുക്കാനും പൊലീസ് ആദ്യം തയ്യാറായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം, മെഡിക്കല്‍ അവധിയിലായിരുന്ന മിഥുന് ഷോപ്പിങ് മാളില്‍ പോയത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Content Highlights: Discontent in Police after case registered against CPO Midhun in SFI - police issue at Thiruvananthpuram shopping mall