തിരുവനന്തപുരം: പ്രേംകുമാറിനെ ചേർത്ത് നിർത്താൻ കോൺഗ്രസ്. പ്രേംകുമാറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി.
കൊച്ചിയിലെ നേതൃയോഗത്തിൽ വിഷയം ചർച്ചയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നതിലും ആലോചന നടന്നു.
ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതിൽ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കെ എസ് യു കാലത്തെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയും ചെയ്തതോടെ പ്രേംകുമാർ കോണ്‍ഗ്രസിലേക്ക് ചേക്കേറാനുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു.
'താന്‍ കോളേജ് കാലത്ത് കെ എസ് യുവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് പിന്നീട് സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം സിനിമയാക്കിയപ്പോള്‍ അതില്‍ കൃഷ്ണപിള്ളയായി അഭിനയിച്ചിട്ടുണ്ട്. സഖാവിന്റെ ജീവിതമാണ് എന്നെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചത്' എന്നായിരുന്നു പ്രേംകുമാറിന്റെ വാക്കുകള്‍.
യാത്രയയപ്പിനുള്ള സമയം പോലും നല്‍കാതെ സ്ഥാനത്തു നിന്ന് നീക്കിയത് ആശാസമരത്തില്‍ പങ്കെടുത്തതിനാണെന്ന് പ്രേംകുമാര്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി ചെയര്മാന് സ്ഥാനത്തു നിന്ന് നീക്കാക്കത്തത് ഇരട്ട നീതിയാണെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു.
പ്രേംകുമാറിന്റെ വാക്കുകളില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന് രംഗത്തെത്തിയിരുന്നു. കാലാവധി കഴിയുമ്പോള്‍ സ്വാഭാവികമായി സര്‍ക്കാരിന് പുതിയ ഭാരവാഹികളെ നിയമിക്കേണ്ട ഉത്തരവാദിത്തമുണ്ട്. അതനുസരിച്ചാണ് തീരുമാനിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നോക്കിയാല്‍ ഇത് സാധാരണ പ്രക്രിയയാണ്. പ്രേംകുമാര്‍ ക്രിസ്റ്റല്‍ ക്ലിയറായ ഇടതുപക്ഷക്കാരനാണ്. ചലച്ചിത്ര അക്കാദമിക്ക് നല്‍കിയത് മികച്ച സേവനമാണെന്നും സര്‍ക്കാര്‍ അദ്ദേഹത്തെ നല്ല രീതിയില്‍ പരിഗണിച്ചെന്നും മന്ത്രി പറഞ്ഞു.
Content Highlights: Pramkumar recalls his time as a KSU candidate after being removed from the post of Chalachitra Academy chairman