കോഴിക്കോട്: കൊടിയത്തൂരില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മൂന്ന് ദിവസം മുന്‍പ് നിയമിച്ച മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് മാറ്റി. ഹരിദാസ് പരപ്പിലിനെയാണ് പ്രസിഡന്റെ സ്ഥാനത്ത് നിന്ന് മാറ്റിയത്. നിയമനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിന് പിന്നാലെയാണ് മാറ്റിയതെന്നാണ് വിശദീകരണം. ഡിസിസി അംഗം എം ടി അഷറഫിന് മണ്ഡലം പ്രസിഡന്റായി താല്കാലിക ചുമതല നല്കി.
ഫെബ്രുവരി ഒന്‍പതിനായിരുന്നു കൊടിയത്തൂര്‍ മണ്ഡലം പ്രസിന്റായി ഹരിദാസ് പരപ്പിലിനെ തെരഞ്ഞെടുത്തത്. പിന്നാലെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 13-ാം തിയതി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. മണ്ഡലത്തില്‍ നിന്നുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഹരിദാസിനെ മാറ്റിയത് എന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.
കൊടിയത്തൂരിലെ മുന്‍ മണ്ഡലം പ്രസിഡന്റ് സുജ ടോം തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രസിഡന്റായി ഹരിദാസിനെ നിയമിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറിയടക്കം സ്ഥലത്തെത്തിയായിരുന്നു പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. എന്നാല്‍ പിന്നീട് മുന്നറിയിപ്പൊന്നും നല്‍കാതെ ഹരിദാസിനെ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.
തനിക്കെതിരായി പ്രവര്‍ത്തിക്കുന്ന മാഫിയ സംഘത്തിന്റെ ഗൂഢാലോചനയാണ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ എന്ന് ഹരിദാസ് പരപ്പിൽ ആരോപിച്ചു. മൂന്നോ നാലോ പേര് അടങ്ങുന്ന ഈ സംഘം തനിക്കെതിരെ നടപടിയെടുക്കണമെന്ന് ഡിസിസി അംഗങ്ങളോട് ആവശ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത് എന്നും ഹരിദാസ് പരപ്പില്‍ ആരോപിച്ചു.
Content Highlight; Congress explodes in Kodiyathur; Constituency President replaced within three days of appointment