'കെ ആര്‍ ഗൗരി ഭരിച്ചീടും എന്ന് മുദ്രാവാക്യം വിളിച്ചിട്ട് കാലുവാരിയ ടീമല്ലേ, അന്നും ഇന്നും ഇഷ്ടം ഗൗരിയമ്മയോട്'

73 വയസ്സിലേക്ക് കടക്കുകയാണ്. തിരുവനന്തപുരത്തെ വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റലില്‍ വാര്‍ഡനായിരുന്നു. പിന്നീട് എറണാകുളത്തും വര്‍ക്ക് ചെയ്തിട്ടുണ്ട്

കോഴിക്കോട്: അന്നും ഇന്നും ഇഷ്ടം ഗൗരിയമ്മയോട് ആണെന്നും അനീതി കണ്ടാല്‍ പ്രതികരിക്കുമെന്നും വൈറല്‍താരം പ്രഭാവതിയമ്മ. എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ കയറ്റിപ്പോകാന്‍ ശ്രമിച്ചയാളെ തടഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതിലൂടെയാണ് പ്രഭാവതിയമ്മ ശ്രദ്ധേയയാകുന്നത്. ഇത്തരം കാര്യങ്ങളില്‍ കാലങ്ങളായി പ്രതികരിക്കാന്‍ തുടങ്ങിയതാണെന്നും പലകുറി പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും പ്രഭാവതിയമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'അസി. പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തിരുന്നു. ലൈസന്‍സ് ഉടമകളില്‍ നിന്നും ഫൈന്‍ ഈടാക്കാനും ക്ലാസിലിരുത്താനും മാത്രമെ സാധിക്കുകയുള്ളൂവെന്നാണ് എന്നോട് പറഞ്ഞത്. 'ശുഭയാത്ര'യിലേക്ക് ഫോട്ടോ അയച്ചാല്‍ നടപടിയെടുക്കാമെന്നും അടിയുണ്ടാക്കാന്‍ പോകേണ്ടെന്നും പറഞ്ഞിരുന്നുവെന്നും പ്രഭാവതിയമ്മ പറയുന്നു.

'73 വയസ്സിലേക്ക് കടക്കുകയാണ്. തിരുവനന്തപുരത്തെ വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റലില്‍ വാര്‍ഡനായിരുന്നു. പിന്നീട് എറണാകുളത്തും വര്‍ക്ക് ചെയ്തിട്ടുണ്ട്. കര്‍ക്കശക്കാരിയായ ഹോസ്റ്റല്‍ വാര്‍ഡനായിരുന്നു ഞാന്‍. പക്ഷെ എല്ലാവരുമായും സൗഹൃദമായിരുന്നു. വീഡിയോ കണ്ട് പലരും വിളിച്ചിരുന്നു. പ്രഭേച്ചി ആരെയാണ് ചവിട്ടിപ്പിടിച്ചത് എന്നാണ് ചോദിച്ചത്', ചിരിച്ചുകൊണ്ട് ഓര്‍ത്തെടുത്തു.

'ഞാന്‍ റോഡിലേക്ക് ഇറങ്ങിയാല്‍ എന്നും അടിയാണ്. എന്തെങ്കിലും കണ്ടാല്‍ പ്രതികരിച്ചിരിക്കും. ഇന്നലെ ഒടുക്കം അയാള്‍ പറഞ്ഞത് നിങ്ങള്‍ ജയിച്ചുവെന്നാണ്. അയൗള്‍ സൗമ്യമായിട്ടാണ് സംസാരിച്ചത്. രാഷ്ട്രീയത്തില്‍ കെ ആര്‍ ഗൗരിയമ്മയുമായി പ്രവര്‍ത്തിച്ചിരുന്നു. അവരായിരുന്നു എന്റെ പ്രൊഫൈല്‍ ചിത്രം. അമ്മ മരിച്ച ശേഷമാണ് അത് മാറ്റിയത്. അന്നും ഇന്നും ഇഷ്ടം കെ ആര്‍ ഗൗരിയമ്മയോടാണ്. കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിച്ചീടും എന്ന് മുദ്രാവാക്യം വിളിച്ചിട്ട് അവരെ കാലുവാരിയ ടീം അല്ലേ. മുദ്രാവാക്യം വിളിച്ചതുകൊണ്ടാണ് ഈ ശബ്ദം ഇങ്ങനെ. ഇപ്പോഴും അവരോട് നീതികേടല്ലേ കാണിച്ചത്. അച്യൂതാനന്ദനായി റെക്കമെന്റേഷന്‍ കൊടുത്തു. അവിടെയൊരു പുരുഷ മേധാവിത്വം വന്നില്ലേ, ഒരു സ്ത്രീയെന്ന നിലയില്‍ അവരെ ഒരുപാട് പീഡിപ്പിച്ചില്ലേ', പ്രഭാവതിയമ്മ രാഷ്ട്രീയം പറഞ്ഞു. വാര്‍ത്ത വായന, ടീ വി കാണും എല്ലാം ചെയ്യും. പ്രഭാ കാര്‍ത്തുവെന്നാണ് ഇന്‍സ്റ്റഗ്രാം ഐഡി. എല്ലാം ഞാന്‍ തന്നെ ചെയ്തതാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞദിവസം എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം. പ്രഭാവതിയമ്മ ഫുട്പാത്തിലൂടെ നടന്നുപോകുമ്പോഴായിരുന്നു എതിര്‍ ദിശയില്‍ ഒരു ആക്ടീവ സ്‌കൂട്ടര്‍ പാഞ്ഞുവന്നത്. ഇത് കണ്ടതോടെ സ്‌കൂട്ടര്‍ യാത്രികനെ അവര്‍ തടഞ്ഞു. എന്നാല്‍ യാത്രികന്‍ സൈഡിലൂടെ പോകാനായിരുന്നു പ്രഭാവതിയമ്മയോട് പറഞ്ഞത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ ഇവര്‍ കാലുകൊണ്ട് അയാളെ പോകാന്‍ അനുവദിക്കാതെ തടഞ്ഞു. സ്‌കൂട്ടറുമായി പോകാന്‍ യാത്രികന്‍ വീണ്ടും ശ്രമം നടത്തിയപ്പോള്‍ വയോധിക കൈയിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീഡിയോ എടുക്കാന്‍ തുടങ്ങി. ഒടുവില്‍ സ്‌കൂട്ടര്‍ യാത്രികന്‍ ഭയന്ന് വണ്ടി തിരിച്ച് റോഡിലൂടെ പോയി. സംഭവത്തിന്റെ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Content Highlights: viral prabhavathiyamma kozhikode a fan of k r gouri amma

To advertise here,contact us