പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലില്‍ നിന്നുള്ള സാമ്പിള്‍ ശേഖരിക്കല്‍ തുടരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജകള്‍ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വര്‍ണപ്പാളികളില്‍ നിന്ന് സാമ്പിളുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. ഇന്നലെ ശ്രീകോവിലിന് പിന്‍ഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം ഇളക്കിയെടുത്തത്. പിന്നീട് ദ്വാരപാലക ശില്പങ്ങളില് നിന്ന് സാമ്പിള്‍ ശേഖരിച്ചു. അവശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്ന് ഇന്ന് സാമ്പിള്‍ സ്വീകരിക്കും.
ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്മെന്റ് വിഭാഗവും എസ്ഐടിക്കൊപ്പമുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവ്, കാലപ്പഴക്കം എന്നിവയില്‍ വ്യക്തത വരുത്തുകയാണ് എസ്ഐടിയുടെ ലക്ഷ്യം. വിശദമായ തെളിവ് ശേഖരണത്തിന് ശേഷം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്മാര്‍ട്ട് ക്രിയേഷന് സിഇഒ പങ്കജ് ഭണ്ഡാരി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചത്. എസ്ഐടി സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ 109.234 ഗ്രാം സ്വര്‍ണം സ്വമേധയാ കൈമാറിയതാണെന്നും അറസ്റ്റിന് മുന്‍പ് ആറ് തവണ ചോദ്യം ചെയ്യലിന് ഹാജറായിട്ടുണ്ടെന്നും പങ്കജ് ഭണ്ഡാരി ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേസില്‍ പങ്കജ് ഭണ്ഡാരിക്ക് ജാമ്യം നല്‍കരുതെന്നാണ് എസ്ഐടി നിലപാട്.
Content Highlight; The collection of samples from the shrine for scientific testing in the Sabarimala gold theft case continues. The SIT team led by SP Sasidharan is continuing at the shrine.