തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈവിനിടെ ഫുട്പാത്തിലൂടെ വണ്ടി ഓടിച്ച് യുവാവ്. തിരുവനന്തപുരത്താണ് സംഭവം. കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ സ്കൂട്ടര്‍ ഓടിച്ചെത്തിയ യുവാവിനെ പ്രഭാവതിയമ്മ തടഞ്ഞ സംഭവം വാര്‍ത്തയായിരിക്കെ സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ടറിന്റെ പ്രത്യേക പരിപാടിയായ 'ഗുഡ് ഈവ്നിങ് ഷോ വിത്ത് മാതു സജി'യില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ആഷിന് ലൈവിനായി തയ്യാറായി നില്‍ക്കെ ഒരു യുവാവ് ഫുട്പാത്തിലൂടെ സ്കൂട്ടര്‍ ഓടിച്ച് വരികയായിരുന്നു.
KL01CZB445 എന്ന നമ്പറിലുള്ള സ്കൂട്ടറിലായിരുന്നു യുവാവ് യാത്ര ചെയ്തത്. യുവാവിന്റെ നിയമലംഘനം റിപ്പോര്‍ട്ടറിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകര്‍ ലൈവായി കണ്ടു. ഇതിനിടെയായിരുന്നു ഒരു യുവാവിന്റെ കമന്റ്. 'ഏയ് ഒരു നടപടിയും ഉണ്ടാവില്ല, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും, അത്രയേയുള്ളൂ' എന്നായിരുന്നു ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെ ടാഗ് ചെയ്ത് യുവാവ് കമന്റിട്ടത്. തൊട്ടുപിന്നാലെ കമന്റിന് മറുപടിയുമായി മന്ത്രിയും രംഗത്തെത്തി. ഇത് പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും എന്നായിരുന്നു മന്ത്രി നല്കിയ മറുപടി.
നിയമലംഘനം നടത്തിയ സ്കൂട്ടർ യാത്രികനെതിരെ കോഴിക്കോട് സ്വദേശിനി പ്രഭാവതിയമ്മ തടഞ്ഞത് സോഷ്യൽ മീഡിയ അടക്കം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം നടന്നത്. ഫുട്പാത്തിലൂടെ പ്രഭാവതിയമ്മ നടന്നുപോകുമ്പോഴായിരുന്നു എതിര് ദിശയില്‍ ഒരു ആക്ടീവ സ്കൂട്ടര്‍ പാഞ്ഞുവന്നത്. ഇത് കണ്ട പ്രഭാവതിയമ്മ സ്കൂട്ടര്‍ യാത്രികനെ തടഞ്ഞു. എന്നാല്‍ യാത്രികന് പ്രഭാവതിയമ്മയോട് ചൂടാകുകയാണ് ചെയ്തത്. പ്രഭാവതിയമ്മ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഇവര്‍ കാലുകൊണ്ട് അയാളെ പോകാന്‍ അനുവദിക്കാതെ തടഞ്ഞു. സ്കൂട്ടറുമായി പോകാന്‍ യാത്രികന് വീണ്ടും ശ്രമം നടത്തിയപ്പോള്‍ പ്രഭാവതിയമ്മ കൈയിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീഡിയോ എടുക്കാന്‍ തുടങ്ങി. ഒടുവില്‍ സ്കൂട്ടര്‍ യാത്രികന് ഭയന്ന് വണ്ടി തിരിച്ച് റോഡിലൂടെ പോകുകയായിരുന്നു
പ്രഭാവതിയമ്മയെ അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. റിപ്പോര്ട്ടറിലൂടെയായിരുന്നു മന്ത്രി പ്രഭാവതിയമ്മയെ അഭിനന്ദിച്ചത്. പ്രതികരിച്ച രീതിയോട് ബഹുമാനം ഉണ്ടെന്നും പൊതുജനം പ്രതികരിച്ചാല്‍ മാത്രമെ നാട് നന്നാവൂ എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. തുടര്‍ന്ന് കാല്‍നടയാത്രക്കാരുടെ സുരക്ഷിതയാത്രക്കായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം പ്രഭാവതിയമ്മയും മന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ ശാശ്വത പരിഹാരം കാണുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഫുട്പാത്തിലൂടെ വണ്ടിയോടിച്ച ആളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
Content Highlights- A youth drove along a footpath while a reporter was on a live broadcast and commented that no action would be taken against him. The incident drew attention online, and the concerned minister later issued a response regarding the matter.