രമേശ് ചെന്നിത്തലയുടെ തുഗ്ലക് പരാമർശം പരിഹാസ്യം, അപലപനീയം: മുഖ്യമന്ത്രി

കുഞ്ഞുങ്ങള്‍ തെരുവിലിറങ്ങേണ്ടിവന്ന യുഡിഎഫ് ഭരണകാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയെ താറടിക്കുന്ന ഏത് പരാമര്‍ശവും എതിര്‍ക്കപ്പെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാഠപുസ്തക വിതരണം നേരത്തെ നടത്തുന്നത് തുഗ്ലക്ക് പരിഷ്‌കാരമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയിൽ വീണ്ടും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തലയുടെ പരാമർശം പരിഹാസ്യവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സ്‌കൂളുകൾ അടച്ചുപൂട്ടി, കുഞ്ഞുങ്ങൾ തെരുവിലിറങ്ങേണ്ടി വന്ന യുഡിഎഫ് ഭരണകാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള നമ്മുടെ വളർച്ചയെ താറടിക്കുന്ന ഏത് പരാമർശവും എതിർക്കപ്പെടേണ്ടതുണ്ടെന്നും അധിക്ഷേപങ്ങൾക്ക് തെല്ലും വില കൽപിക്കാതെ നമുക്ക് മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി കുറിച്ചു.

'അധ്യയന വർഷം ആരംഭിച്ചിട്ടും പഠിക്കാൻ പാഠപുസ്തകങ്ങൾ ലഭിക്കാതെ നമ്മുടെ കുഞ്ഞുങ്ങൾ വലഞ്ഞിരുന്ന കെട്ട കാലം കേരളത്തിനുണ്ടായിരുന്നുവല്ലോ. ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം ചെയ്തു ക്ലാസ് നടത്തിയിരുന്ന അക്കാലത്ത് നിന്നും അധ്യയന വർഷം തീരുമ്പോഴേക്ക് അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിലയിലേക്ക് നമ്മുടെ നാട് വളർന്നിരിക്കുന്നു. ഇതിന്റെ തുടർച്ചയായി 2026-27 അധ്യയന വർഷം ആരംഭിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ, 5.9 കോടി പാഠപുസ്തകങ്ങളുടെയും 8 ലക്ഷം കൈത്തറി യൂണിഫോമുകളുടെയും സംസ്ഥാന തല വിതരണത്തിന് ഇന്ന് നാം തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ മൂലം സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ പ്രതിഫലനമാണിത്. ഈ നേട്ടത്തെ മുൻ പ്രതിപക്ഷ നേതാവ് 'തുഗ്ലക്ക് പരിഷ്‌കാരം' എന്ന് ആക്ഷേപിച്ചത് പരിഹാസ്യവും അപലപനീയവുമാണ്. സ്‌കൂളുകൾ അടച്ചുപൂട്ടി, കുഞ്ഞുങ്ങൾ തെരുവിലിറങ്ങേണ്ടി വന്ന യുഡിഎഫ് ഭരണകാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള നമ്മുടെ വളർച്ചയെ താറടിക്കുന്ന ഏത് പരാമർശവും എതിർക്കപ്പെടേണ്ടതുണ്ട്. അധിക്ഷേപങ്ങൾക്ക് തെല്ലും വില കൽപിക്കാതെ നമുക്ക് മുന്നോട്ട് പോകാം. എല്ലാ വിദ്യാർത്ഥികൾക്കും ശോഭനമായ ഭാവി ആശംസിക്കുന്നു.'എന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.

അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ സ്‌കൂൾ തുറക്കുന്നതിന് മുൻപ് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം വന്നത്. അടുത്ത ക്ലാസിലേക്ക് ജയിച്ചോ എന്നറിയാതെയാണ് പാഠപുസ്തക വിതരണം നടത്തുന്നതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

'എട്ടാം ക്ലാസിലെ വിദ്യാർത്ഥി ഒൻപതാം ക്ലാസിലേക്ക് ജയിച്ചോ എന്ന് തീരുമാനിച്ചിട്ടില്ലല്ലോ?. ശിവൻകുട്ടിയാണോ ഇക്കാര്യം തീരുമാനിക്കുന്നത്. പരീക്ഷാ പേപ്പർ നേക്കണ്ടേ?. എന്തെല്ലാം തുഗ്ലക്ക് പരിഷ്‌കാരങ്ങളാണ്?. തങ്ങൾ പുസ്തകം നേരത്തേ അടിച്ചു എന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം. അതെന്താ വലിയ ഭരണനേട്ടമാണോ?. കേരളത്തിൽ നേരത്തേ പുസ്തകം കൊടുത്തിട്ടില്ലേ?, പണ്ട് എഴുത്തോലയിലായിരുന്നു എഴുതി പഠിച്ചിരുന്നത്', എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.

തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. 'മഴവില്ലിലെ വർണങ്ങളെ കുറിച്ച് പഠിപ്പിക്കാൻ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിച്ചവരാണ് പാഠപുസ്തകം നേരത്തെ എത്തിച്ചപ്പോൾ 'തുഗ്ലക്ക് പരിഷ്‌കാരം' എന്ന് പറയുന്നത്' എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

പിന്നാലെ രമേശ് ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചിരുന്നു. പാഠപുസ്തക വിതരണത്തെ പരിഹസിക്കുന്ന പ്രതികരണമായിരുന്നു രമേശ് ചെന്നിത്തലയുടേതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആ പ്രതികരണം നാടിന് നേരെയുള്ള പരിഹാസമായിപ്പോയെന്നും പറയുകയുണ്ടായി. പണ്ട് എഴുത്തോലയിൽ ആണ് എഴുതി പഠിച്ചുകൊണ്ടിരുന്നതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അത് ഇപ്പോൾ പറയേണ്ടതിന്റെ ആവശ്യകതയെന്താണ്. ഇന്ന് എഴുത്തോലയിൽ പഠിക്കണം എന്ന് ആരെങ്കിലും പറയുമോ? മുൻപ് എഴുത്തോലയിൽ എഴുതി പഠിക്കുമ്പോൾ അക്ഷരം നിഷേധിച്ചിരുന്ന നിരവധി പേർ ഉണ്ടായിരുന്നു. അവിടെ നിന്നും നമ്മുടെ നാട് മാറി. പത്ത് വർഷം മുൻപുള്ള കെടുകാര്യസ്ഥതയ്ക്ക് നേതൃത്വം കൊടുത്ത ഉത്തരവാദിയായ മനുഷ്യനാണ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നതിൽ കാര്യമില്ലെന്ന് പറയുന്നത്. ഇങ്ങനെയുള്ള പ്രതികരണം കൊണ്ട് ഏതെങ്കിലും തരത്തിൽ പാഠപുസ്തക വിതരണം വൈകിപ്പിക്കുക എന്നത് സർക്കാർ ഉദ്ദേശിക്കുന്നില്ല. കുട്ടികളെ സംബന്ധിച്ചും അവരുടെ കുടുംബങ്ങളെ സംബന്ധിച്ചും അത് പ്രധാനമാണ്. എല്ലാ കുട്ടികൾക്കും കൃത്യമായി സ്‌കൂൾ തുറക്കുന്നതിന് മുൻപ് മാത്രമല്ല, ഈ വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ പുസ്തകം ലഭിക്കും. അത് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ തന്നെയാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പാഠപുസ്തക, സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കവെയായിരുന്നു മുഖ്യമന്ത്രി ഈ വിമർശനം ഉന്നയിച്ചത്.

വിഷയം വിവാദമായതോടെ പാഠപുസ്തകം നേരത്തേ വിതരണം ചെയ്യുന്നതിനെ അല്ല വിമർശിച്ചത് എന്ന് രമേശ് ചെന്നിത്തല പ്രതികരിക്കുകയുണ്ടായി. പാഠപുസ്തകം നേരത്തേ കൊടുക്കുന്നതിൽ കുഴപ്പമില്ലെന്ന് പറഞ്ഞ ചെന്നിത്തല, അതൊരു ഭരണ നേട്ടമായി കൊട്ടിഘോഷിക്കരുത് എന്നാണ് പറഞ്ഞത് എന്നും പറഞ്ഞു. യുഡിഎഫ് കാലത്തും പാഠപുസ്തകം സമയത്ത് കൊടുത്തിട്ടുണ്ട്. അബ്ദുറബ്ബിന്റെ കാലത്ത് മാത്രമാണ് പുസ്തക വിതരണം വൈകിയത്. അതിന് അതിന്റേതായ സാങ്കേതിക കാരണങ്ങൾ ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് മുൻപ് പുസ്തകം നൽകുന്നത് തെരഞ്ഞെടുപ്പ് കണ്ടാണ്. അതാണ് താൻ വിമർശിച്ചത്. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.

Content Highlights:‌ cm pinarayi vijayan criticize congress leader Ramesh Chennithala on his remarks about early textbook distribution

To advertise here,contact us