കോഴിക്കോട്: എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ഫുട്പാത്തിലൂടെ സ്കൂട്ടര്‍ കയറ്റിപ്പോകാന്‍ ശ്രമിച്ചയാളെ തടഞ്ഞ് താരമായ പ്രഭാവതിയമ്മയെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വളരെ സന്തോഷമുണ്ടെന്നും ഏറ്റവും മികച്ച കാര്യമാണ് ചെയ്തതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടറിലൂടെയാണ് കെ ബി ഗണേഷ് കുമാര്‍ നേരിട്ട് പ്രഭാവതിയമ്മയുമായി സംസാരിച്ചത്.
'ഫുട്പാത്ത് നടന്നുപോകാനുള്ളതാണല്ലോ. പ്രതികരിച്ച രീതിയോട് ബഹുമാനം ഉണ്ട്. പൊതുജനം പ്രതികരിച്ചാല്‍ മാത്രമെ നാട് നന്നാവൂ', എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
തുടര്‍ന്ന് കാല്‍നടയാത്രക്കാരുടെ സുരക്ഷിതയാത്രക്കായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം പ്രഭാവതിയമ്മയും മന്ത്രിയെ അറിയിച്ചു. 'രോഗികളും കുട്ടികളും ഉള്‍പ്പെടെ കാല്‍നടയായി പോകുന്നുണ്ട്. ധാര്‍ഷ്ട്യത്തോടെയാണ് പലരും വണ്ടിയോടിക്കുന്നത്. നടപ്പാതകളുടെ ടൈല്‍സ് മുഴുവന്‍ ഇളകി. അധികമാരും പ്രതികരിക്കാറില്ല. പ്രതികരിക്കുന്നവരെ സര്‍ക്കാരും അധികാരികളും കാണും. ശാശ്വതപരിഹാരം കാണണം', എന്നാണ് മന്ത്രി പറഞ്ഞത്.
എന്നാല്‍ നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാന്‍ ആപ്പ് നിലവിലുണ്ടെന്നും ഫോട്ടോ അപ്ലോഡ് ചെയ്താല്‍ പിഴ ഈടാക്കുമെന്നും എല്ലാവരും ഉപയോഗിക്കണമെന്നും മന്ത്രി മറുപടി പറഞ്ഞെങ്കിലും അതിലൂടെ സര്‍ക്കാര്‍ ഫണ്ടല്ലേ ആകുള്ളൂ, നടപടിയാകില്ലല്ലോയെന്നായിരുന്നു പ്രഭാവതിയമ്മയുടെ ചോദ്യം.
കഴിഞ്ഞദിവസം എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം. പ്രഭാവതിയമ്മ ഫുട്പാത്തിലൂടെ നടന്നുപോകുമ്പോഴായിരുന്നു എതിര് ദിശയില്‍ ഒരു ആക്ടീവ സ്കൂട്ടര്‍ പാഞ്ഞുവന്നത്. ഇത് കണ്ടതോടെ സ്കൂട്ടര്‍ യാത്രികനെ അവര്‍ തടഞ്ഞു. എന്നാല്‍ യാത്രികന് സൈഡിലൂടെ പോകാനായിരുന്നു പ്രഭാവതിയമ്മയോട് പറഞ്ഞത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ ഇവര്‍ കാലുകൊണ്ട് അയാളെ പോകാന്‍ അനുവദിക്കാതെ തടഞ്ഞു. സ്കൂട്ടറുമായി പോകാന്‍ യാത്രികന് വീണ്ടും ശ്രമം നടത്തിയപ്പോള്‍ വയോധിക കൈയിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീഡിയോ എടുക്കാന്‍ തുടങ്ങി. ഒടുവില്‍ സ്കൂട്ടര്‍ യാത്രികന് ഭയന്ന് വണ്ടി തിരിച്ച് റോഡിലൂടെ പോയി. സംഭവത്തിന്റെ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Content Highlights: Minister K B Ganesh Kumar Praise viral prabhavathiyamma