'പാഠപുസ്തകങ്ങള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് പഠിക്കേണ്ടിവന്ന ഒരു ഭൂതകാലമുണ്ടായിരുന്നു; ആ കാലം തനിയെ മാറിയതല്ലല്ലോ'

'വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരേ മനസോടെ ഏറ്റെടുത്ത ഈ മാറ്റങ്ങളെ രാഷ്ട്രീയ വിരോധം മാത്രം കണ്ട് ഇകഴ്ത്തി സംസാരിക്കുന്നത് ശരിയായ രീതിയല്ല'

തിരുവനന്തപുരം: പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി കെ കെ ശൈലജ എംഎല്‍എ. പാഠപുസ്തകങ്ങള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് പഠിക്കേണ്ടി വന്ന ഒരു ഭൂതകാലം കുട്ടികള്‍ക്കുണ്ടായിരുന്നുവെന്നും ആ കാലം തനിയെ മാറിയതല്ലല്ലോ, ഇച്ഛാശക്തിയുള്ള ഇടതുപക്ഷ ഭരണം മാറ്റിയെടുത്തതല്ലേയെന്നും കെ കെ ശൈലജ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പത്ത് വര്‍ഷം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ സദ്ഫലമാണ് അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളത്. പാഠപുസ്തകങ്ങള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് പഠിക്കേണ്ടി വന്ന, പുസ്തകങ്ങള്‍ ഇല്ലാതെ അധ്യായനവര്‍ഷം പൂര്‍ത്തിയാക്കേണ്ടി വന്ന, ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറികള്‍ക്ക് പകരം സ്‌കൂള്‍ ബസില്‍ ഇരുന്ന് പഠിക്കേണ്ടി വന്ന ഒരു ഭൂതകാലം നമ്മുടെ കുട്ടികള്‍ക്കുണ്ടായിരുന്നു. ആ കാലം തനിയെ മാറിയതല്ലല്ലോ. ഇച്ഛാശക്തിയുള്ള ഇടതുപക്ഷ ഭരണം മാറ്റിയെടുത്തതല്ലേ. നമ്മുടെ സ്‌കൂളുകളിലെ ഹൈടെക് ക്ലാസ് മുറികള്‍, ലിഫ്റ്റുള്‍പ്പെടെ ആധുനിക സജ്ജീകരണങ്ങളുള്ള സ്‌കൂളുകള്‍, വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം, പരിഷ്‌കരിച്ച പാഠ്യപദ്ധതികള്‍ നമ്മുടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരേ മനസോടെ ഏറ്റെടുത്ത ഈ മാറ്റങ്ങളെ രാഷ്ട്രീയ വിരോധം മാത്രം കണ്ട് ഇകഴ്ത്തി സംസാരിക്കുന്നത് ശരിയായ രീതിയല്ല.

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം വന്നത്. അടുത്ത ക്ലാസിലേക്ക് ജയിച്ചോ എന്നറിയാതെയാണ് പാഠപുസ്തക വിതരണം നടത്തുന്നതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.'എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസിലേക്ക് ജയിച്ചോ എന്ന് തീരുമാനിച്ചിട്ടില്ലല്ലോ?. ശിവന്‍കുട്ടിയാണോ ഇക്കാര്യം തീരുമാനിക്കുന്നത്. പരീക്ഷാ പേപ്പര്‍ നേക്കണ്ടേ?. എന്തെല്ലാം തുഗ്ലക്ക് പരിഷ്‌കാരങ്ങളാണ്?. തങ്ങള്‍ പുസ്തകം നേരത്തേ അടിച്ചു എന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം. അതെന്താ വലിയ ഭരണനേട്ടമാണോ?. കേരളത്തില്‍ നേരത്തേ പുസ്തകം കൊടുത്തിട്ടില്ലേ?, പണ്ട് എഴുത്തോലയിലായിരുന്നു എഴുതി പഠിച്ചിരുന്നത്', എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.

തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. 'മഴവില്ലിലെ വര്‍ണങ്ങളെ കുറിച്ച് പഠിപ്പിക്കാന്‍ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിച്ചവരാണ് പാഠപുസ്തകം നേരത്തെ എത്തിച്ചപ്പോള്‍ 'തുഗ്ലക്ക് പരിഷ്‌കാരം' എന്ന് പറയുന്നത്' എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

പിന്നാലെ രമേശ് ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു. പാഠപുസ്തക വിതരണത്തെ പരിഹസിക്കുന്ന പ്രതികരണമായിരുന്നു രമേശ് ചെന്നിത്തലയുടേതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആ പ്രതികരണം നാടിന് നേരെയുള്ള പരിഹാസമായിപ്പോയെന്നും പറയുകയുണ്ടായി. പണ്ട് എഴുത്തോലയില്‍ ആണ് എഴുതി പഠിച്ചുകൊണ്ടിരുന്നതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അത് ഇപ്പോള്‍ പറയേണ്ടതിന്റെ ആവശ്യകതയെന്താണ്. ഇന്ന് എഴുത്തോലയില്‍ പഠിക്കണം എന്ന് ആരെങ്കിലും പറയുമോ? മുന്‍പ് എഴുത്തോലയില്‍ എഴുതി പഠിക്കുമ്പോള്‍ അക്ഷരം നിഷേധിച്ചിരുന്ന നിരവധി പേര്‍ ഉണ്ടായിരുന്നു. അവിടെ നിന്നും നമ്മുടെ നാട് മാറി. പത്ത് വര്‍ഷം മുന്‍പുള്ള കെടുകാര്യസ്ഥതയ്ക്ക് നേതൃത്വം കൊടുത്ത ഉത്തരവാദിയായ മനുഷ്യനാണ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കാര്യമില്ലെന്ന് പറയുന്നത്. ഇങ്ങനെയുള്ള പ്രതികരണം കൊണ്ട് ഏതെങ്കിലും തരത്തില്‍ പാഠപുസ്തക വിതരണം വൈകിപ്പിക്കുക എന്നത് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കുട്ടികളെ സംബന്ധിച്ചും അവരുടെ കുടുംബങ്ങളെ സംബന്ധിച്ചും അത് പ്രധാനമാണ്. എല്ലാ കുട്ടികള്‍ക്കും കൃത്യമായി സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് മാത്രമല്ല, ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ പുസ്തകം ലഭിക്കും. അത് നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പാഠപുസ്തക, സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കവെയായിരുന്നു മുഖ്യമന്ത്രി ഈ വിമര്‍ശനം ഉന്നയിച്ചത്.

വിഷയം വിവാദമായതോടെ ആദ്യം പറഞ്ഞതില്‍ നിന്ന് രമേശ് ചെന്നിത്തല മലക്കം മറിഞ്ഞു. പാഠപുസ്തകം നേരത്തേ വിതരണം ചെയ്യുന്നതിനെ അല്ല വിമര്‍ശിച്ചത് എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. പാഠപുസ്തകം നേരത്തേ കൊടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ ചെന്നിത്തല, അതൊരു ഭരണ നേട്ടമായി കൊട്ടിഘോഷിക്കരുത് എന്നും പറഞ്ഞു. യുഡിഎഫ് കാലത്തും പാഠപുസ്തകം സമയത്ത് കൊടുത്തിട്ടുണ്ട്. അബ്ദുറബ്ബിന്റെ കാലത്ത് മാത്രമാണ് പുസ്തക വിതരണം വൈകിയത്. അതിന് അതിന്റേതായ സാങ്കേതിക കാരണങ്ങള്‍ ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് മുന്‍പ് പുസ്തകം നല്‍കുന്നത് തെരഞ്ഞെടുപ്പ് കണ്ടാണ്. അതാണ് താന്‍ വിമര്‍ശിച്ചത്. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Content Highlights- KK Shailaja criticised Congress leader Ramesh Chennithala over his remarks on textbook distribution in Kerala

To advertise here,contact us