എം ടി രമേശുമല്ല പദ്മജയുമല്ല;തൃശൂരിലേക്ക് ജേക്കബ്തോമസിനെ പരിഗണിച്ച് ബിജെപി;മറ്റൊരു മണ്ഡലത്തിലും പരിഗണിക്കുന്നു

തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ജേക്കബ് തോമസ് പ്രവര്‍ത്തനം തുടങ്ങി

തൃശ്ശൂര്‍: റിട്ടയേര്‍ഡ് ഡിജിപിയും സംഘപരിവാര്‍ അനുഭാവിയുമായ ജേക്കബ് തോമസ് തൃശ്ശൂര്‍ ജില്ലയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചേക്കും. തൃശ്ശൂര്‍ അല്ലെങ്കില്‍ ഒല്ലൂര്‍ സീറ്റില്‍ നിന്നാകും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ജേക്കബ് തോമസ് പ്രവര്‍ത്തനം തുടങ്ങി.

സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജേക്കബ് തോമസ് തൃശ്ശൂരിലേക്ക് കളംമാറ്റുന്നത്. തൃശ്ശൂരില്‍ സ്ഥിരതാമസമാക്കാന്‍ ഉടന്‍ വീട് വാങ്ങും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ നിന്നും ജനവിധി തേടിയിരുന്നു. കന്നി മത്സരമായിരുന്നു ഇത്.

ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ബിജെപി നീക്കം. ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമായ രണ്ട് മണ്ഡലങ്ങളാണിത്. സിറോ മലബാര്‍ സഭ അംഗമാണ് ജേക്കബ് തോമസ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെയും പദ്മജ വേണുഗോപാലിന്‍റെയും പേര് മണ്ഡലത്തില്‍ നിന്നും ഉയര്‍ന്നുകേട്ടിരുന്നെങ്കിലും പൊതുസമ്മതന്‍ എന്ന നിലയില്‍ ജേക്കബ് തോമസിനോട് മത്സരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നണ് സൂചന.

കഴിഞ്ഞതവണ തൃശ്ശുര്‍ മണ്ഡലത്തില്‍ 946 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐയിലെ പി ബാലചന്ദ്രന്‍ വിജയിച്ചത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപിയെങ്കിലും 3806 വോട്ടിന്‍റെ വ്യത്യാസം മാത്രമേ സിപിഐയുമായി ഉണ്ടായിരുന്നുള്ളൂ. മന്ത്രി കെ രാജന്‍ മത്സരിച്ച് വിജയിച്ച സീറ്റാണ് ഒല്ലൂര്‍.

Content Highlights: jacob thomas May contest from thrissur District assembly election

To advertise here,contact us