'ഷാഫി തന്നെയാണ് തന്റെ പ്രസംഗം വേണ്ടെന്നും പകരം എന്നെ വിളിച്ചാൽ മതിയെന്നും പറഞ്ഞത്'; പിടിവലിയിൽ വി ഡി സതീശന്‍

മുല്ലപ്പള്ളി രാമചന്ദ്രൻ വീണു എന്നത് പച്ചക്കള്ളമാണ് എന്നും സതീശൻ പറഞ്ഞു

കോഴിക്കോട്: പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിലെ വേദിയിൽ പിടിവലിയിൽ മറുപടിയുമായി വി ഡി സതീശൻ. മാധ്യമങ്ങൾ ഇല്ലാത്ത കാര്യം ഊതിവീർപ്പിക്കുകയാണ് എന്നും ഷാഫി തന്നെയാണ് തന്റെ പ്രസംഗം വേണ്ടെന്നും പകരം തന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞതെന്നും സതീശൻ പറഞ്ഞു. ഷാഫി വേണ്ടെന്ന് പറഞ്ഞപ്പോൾ പ്രമോദ് കക്കട്ടിൽ നിർബന്ധിച്ചെന്നും അപ്പോഴാണ് ഷാഫി പിടിച്ചുമാറ്റിയതെന്നും സതീശൻ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രൻ വീണു എന്നത് പച്ചക്കള്ളമാണ് എന്നും സതീശൻ പറഞ്ഞു. ജാഥ എന്താണെന്നും ജാഥയുടെ പ്രാധാന്യം എന്താണെന്നും നിങ്ങൾക്കറിയാം. കാസർകോട് ആയിരുന്നപ്പോൾ സമയമില്ലെന്നും താൻ സംസാരിക്കുന്നില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. അതുപോലെയാണ് ഷാഫിയും പറഞ്ഞത്. ഇതൊക്കെ ഒരു കുടുംബത്തിൽ ഉണ്ടാകുന്ന പോലത്തെ കാര്യങ്ങളല്ലേ എന്നും സതീശൻ ചോദിച്ചു. വേദിയിൽ എന്ത് അച്ചടക്ക ലംഘനമാണ് ഉണ്ടായതെന്നും ഒരു അച്ചടക്കക്കുറവും ഇന്നലെ ഉണ്ടായില്ല എന്നും സതീശൻ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര കോഴിക്കോട് കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ നടന്ന സംഭവങ്ങളാണ് ചർച്ചകൾക്ക് വഴിവെച്ചത്. ജാഥാ ക്യാപ്റ്റനായ വി ഡി സതീശന് മുന്‍പ് ഷാഫി പറമ്പില്‍ പ്രസംഗിക്കുന്നതിന് വിളിക്കാത്തതാണ് പ്രശ്നത്തിന് കാരണമായത്. ജാഥാ ക്യാപ്റ്റന് മുന്‍പ് സംസാരിക്കേണ്ടിയിരുന്നത് ഷാഫി പറമ്പില്‍ ആയിരുന്നു. എന്നാല്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഷാഫിക്ക് മുന്‍പ് സതീശനെ ക്ഷണിച്ചു. ഇതിനിടെ വേദിയില്‍ നിന്ന് ഷാഫിയെ പ്രസംഗിക്കാന്‍ വിളിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.

ഇതിന് പിന്നാലെ ഷാഫി പറമ്പിലിനെ വിളിക്കാനായി പ്രമോദ് കക്കട്ടില്‍ മൈക്കിന് അടുത്തേയ്ക്ക് പോയി. ഇതിനിടെ 'വിളിച്ച് കഴിഞ്ഞിട്ടാണോ എന്നെ വിളിക്കുന്നത്' എന്ന് ഷാഫി ചോദിച്ചു. തുടര്‍ന്ന് വേദിയില്‍ പിടിവലിയുണ്ടായി. തൊട്ടുപിന്നാലെ സതീശന്‍ വേദിയില്‍ എത്തുകയും സംസാരിക്കുകയും ചെയ്തു. സതീശന്‍ സംസാരിച്ച ശേഷം പ്രമോദ് കക്കട്ടില്‍ വീണ്ടും ഷാഫിയെ ക്ഷണിക്കാനായി മൈക്കിനടുത്തേയ്ക്ക് വരാനുള്ള ശ്രമം നടത്തി. ഇതിനിടെ പ്രമോദ് കക്കട്ടിലിനെ ഷാഫി പറമ്പില്‍ തടഞ്ഞു. ഏറെ പരിശ്രമിച്ച് മൈക്കിന് അടുത്തേയ്ക്ക് വന്ന പ്രമോദ് കക്കട്ടില്‍ 'ഇനി പ്രിയപ്പെട്ട ഷാഫി പറമ്പില്‍ എംപി സംസാരിക്കും' എന്ന് പറഞ്ഞു.

ഇതിൽ പ്രതികരണവുമായി ഷാഫി പറമ്പിലും രംഗത്തുവന്നിരുന്നു. വേദിയില്‍ കാണുന്ന തിരക്ക് നേതാക്കളുടെയല്ല അണികളുടെയാണെന്നും നെഗറ്റീവ് പബ്ലിസിറ്റി നല്‍കുന്ന മാധ്യമങ്ങള്‍ക്ക് നന്ദി എന്നുമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. 'ബഹുമാനപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് സ്‌നേഹത്തോടെ ഒരു വാക്ക് പറയുന്നു. നിങ്ങള്‍ തിക്കിനെയും തള്ളിനെയും സംബന്ധിച്ച് കൊടുത്ത ചില വാര്‍ത്തകള്‍ കണ്ടു. അത് കൊടുത്തിട്ട് നിങ്ങള്‍ക്ക് തൃപ്തി വരുന്നില്ലെങ്കില്‍ ഈ കാണുന്ന തിരക്കിനെ കുറിച്ച് കൂടി വാര്‍ത്ത കൊടുക്കൂ. ഈ യാത്രയ്ക്ക് തിക്കും തിരക്കുമുണ്ട്. അത് നിങ്ങള്‍ വാര്‍ത്ത കൊടുത്ത തിക്കും തിരക്കുമല്ല. ഈ യാത്രയുടെ തിക്കും തിരക്കും ഈ യാത്ര മുന്നോട്ടു വെക്കുന്ന ആശയങ്ങളോടുള്ള ജനങ്ങളുടെ ഐക്യപ്പെടലാണ് എന്നതാണ് അതിന്റെ പ്രത്യേകത,' എന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്.

Content Highlights:

To advertise here,contact us