ഇന്‍ഫോപാര്‍ക്കിലേക്ക് മെട്രോ: 1000 കോടി വായ്പയെടുക്കാന്‍ കൊച്ചി മെട്രോയ്ക്ക് അനുമതി

അതിവേഗത്തില്‍ പുരോഗമിക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഈ തുക ചെലവഴിക്കുക എന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

കൊച്ചി: ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ നിന്ന് 1016.24 കോടി രൂപ വായ്പയെടുക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. അതിവേഗത്തില്‍ പുരോഗമിക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഈ തുക ചെലവഴിക്കുക എന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ആകെ 10 സ്റ്റേഷനുകളാണ് 10.58 കിലോമീറ്റര്‍ ദൂരമുള്ള ഈ റൂട്ടിലുള്ളത്. പാലാരിവട്ടം, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗള്‍, സിവില്‍സ്റ്റേഷന്‍ ജംഗ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവയാണ് സ്റ്റേഷനുകള്‍. ഒരേസമയം തന്നെ എല്ലായിടത്തും പ്രവൃത്തി നടത്തുന്നതിനാല്‍ പദ്ധതി പെട്ടെന്ന് പുരോഗമിക്കുകയാണ്. 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഇന്‍ഫോപാര്‍ക്ക് പാതയ്ക്ക് 2022ല്‍ മാത്രമാണ് കേന്ദ്ര ക്യാബിനറ്റിന്റെ അനുമതി കിട്ടിയത്. എന്നാല്‍ പദ്ധതിക്കുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചതോടെ വിദേശവായ്പ ഏജന്‍സി പിന്മാറിയതിനാല്‍ നിര്‍മാണം വീണ്ടും വൈകിയെങ്കിലും ഇതെല്ലാം മറികടന്നാണ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതെന്നും പി രാജീവ് പറഞ്ഞു.

1999ല്‍ സ. ഇ കെ നയനാരുടെ എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ മെട്രോ റെയില്‍ പദ്ധതി സാധ്യത പഠനം നടത്തിയത്. 2007 ഫെബ്രുവരി 28ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മെട്രോ ഓടിത്തുടങ്ങി. മെട്രോ നിര്‍മാണം വിഭാവനം ചെയ്തതില്‍ നിന്ന് വഴി മാറുന്നുവോ എന്ന് സംശയം ജനിപ്പിച്ച സാഹചര്യങ്ങളില്‍ അതിനെ പ്രതിരോധിക്കാന്‍ ആവുന്നത്ര ശ്രമം നടത്താനായി എന്നത് തിരിഞ്ഞു നോക്കുമ്പോള്‍ വ്യക്തിപരമായി സന്തോഷം നല്‍കുന്നുണ്ട്. പൊതു ഗതാഗത മേഖലയില്‍ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ അനിവാര്യമാണെന്ന് കൊച്ചി മെട്രോ എപ്പോഴും ബോധ്യപ്പെടുത്തുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Content Highlights: Kochi Metro gets approval to take Rs 100 crore loan for Info Park.Minister P Rajeev announced in a Facebook post that this amount will be spent to complete the rapidly progressing project in a timely manner.

To advertise here,contact us