കൊച്ചി: സൂരജ് ലാമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിന് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
സൂരജ് ലാമ ഇന്ത്യയിൽ എത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്നും കോടതി പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ മരണ കാരണം വ്യക്തമല്ലാത്തതിനാൽ കൊലപാതക സാധ്യതയും അന്വേഷിക്കാവുന്നതാണ് എന്നും ഹൈക്കോടതി നിർദേശിച്ചു. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.
ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു സൂരജ് ലാമയുടെ മൃതദേഹം എച്ച്എംടി കമ്പനിക്ക് മുന്‍ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. രണ്ട് മാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഫെബ്രുവരി ആറിന് ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ പൊലീസിനെ രൂക്ഷമായ ഭാഷയിലായിരുന്നു ഹൈക്കോടതി വിമര്‍ശിച്ചത്. നാണക്കേട് തോന്നുന്നുവെന്നും ഈ സിസ്റ്റത്തിന് വേണ്ടി സൂരജ് ലാമയുടെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്നേഹലതയും അടങ്ങിയ ബെഞ്ച് പറഞ്ഞിരുന്നു.
സൂരജ് ലാമയുടെ കുടുംബവും വൈകാരികമായാണ് പ്രതികരിച്ചത്. സൂരജ് ലാമയുടേത് കേവലം മരണമല്ലെന്നും കൊലപാതകമാണെന്നുമാണ് ഭാര്യ റിനി ലാമ പറഞ്ഞത്. ആശുപത്രി അധികൃതര്‍ കൃത്യമായി പരിചരിച്ചില്ല. അവര്‍ ആവശ്യമായ സഹായം നല്കിയിരുന്നെങ്കില് സൂരജ് ലാമ ജീവനോടെ ഉണ്ടാകുമായിരുന്നു. എല്ലാ സംവിധാനങ്ങള്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചുവെന്നും നീതി ഉറപ്പാക്കാൻ കേരളത്തിലെ മാധ്യമങ്ങൾ സഹായിക്കണമെന്നും റിനി ലാമ ആവശ്യപ്പെട്ടിരുന്നു.
ഓര്‍മശക്തി നഷ്ടപ്പെട്ട സൂരജ് ലാമയെ ഒക്ടോബര്‍ ആറിന് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് ശേഷമാണ് കാണാതായത്. ഒക്ടോബര്‍ 10ന് രാത്രിയോടെ എന്‍ഐഎ ഓഫീസിന് സമീപത്ത് കൂടി കടന്നുപോകുന്ന സൂരജ് ലാമയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ലാമ ധരിച്ചിരുന്നതിന് സമാനമായ വസ്ത്രം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. മംഗലാപുരം സ്വദേശിയായ സൂരജ് ലാമ കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. ഓര്മ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലാമയെ കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ബന്ധുക്കളെ പോലും അറിയിക്കാതെയായിരുന്നു ഈ നടപടി. ഇതോടെ പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന് സാന്റന്‍ ലാമ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അച്ഛനെ കണ്ടെത്താന്‍ കഴിയാത്തതിന് പിന്നാലെ സാന്റന്‍ ലാമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്കി. പിന്നാലെ ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താന്‍ 21 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കൊച്ചിയില്‍ അലഞ്ഞു തിരിയുകയായിരുന്ന സൂരജ് ലാമയെ പൊലീസ് കളമശ്ശേരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇവിടെ നിന്ന് കാണാതായെന്നായിരുന്നു വിവരം.
Content Highlights: The High Court has directed the police to conduct a detailed investigation into the death of Suraj Lama. The court ordered that a special investigation team should probe the case and stressed the need to ensure justice for the victim’s family.