കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ വേദിയില്‍ വെച്ചുണ്ടായ സംഭവങ്ങളില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എം പി. വേദിയില്‍ കാണുന്ന തിരക്ക് നേതാക്കളുടെ അല്ല അണികളുടെ ആണെന്നും നെഗറ്റീവ് പബ്ലിസിറ്റി നല്കുന്ന മാധ്യമങ്ങള്‍ക്ക് നന്ദി എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പുതുയുഗ യാത്രയുടെ അടുത്ത വേദിയില്‍ വെച്ചായിരുന്നു പ്രതികരണം.
'ബഹുമാനപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് സ്നേഹത്തോടെ ഒരു വാക്ക് പറയുന്നു. നിങ്ങള്‍ തിക്കിനെയും തള്ളിനെയും സംബന്ധിച്ച് കൊടുത്ത ചില വാര്‍ത്തകള്‍ കണ്ടു. അത് കൊടുത്തിട്ട് നിങ്ങള്‍ക്ക് തൃപ്തി വരുന്നില്ലെങ്കില്‍ ഈ കാണുന്ന തിരക്കിനെ കുറിച്ച് കൂടി വാര്‍ത്ത കൊടുക്കൂ. ഈ യാത്രയ്ക്ക് തിക്കും തിരക്കുമുണ്ട്. അത് നിങ്ങള്‍ വാര്‍ത്ത കൊടുത്ത തിക്കും തിരക്കുമല്ല. ഈ യാത്രയുടെ തിക്കും തിരക്കും ഈ യാത്ര മുന്നോട്ടു വെക്കുന്ന ആശയങ്ങളോടുള്ള ജനങ്ങളുടെ ഐക്യപ്പെടലാണ് എന്നതാണ് അതിന്റെ പ്രത്യേകത,' ഷാഫി പറമ്പില്‍ പറഞ്ഞു.
ഇന്ന് വൈകിട്ട് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്ര കോഴിക്കോട് കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ജാഥാ ക്യാപ്റ്റനായ വി ഡി സതീശന് മുന്‍പ് ഷാഫി പറമ്പില്‍ പ്രസംഗിക്കുന്നതിന് വിളിക്കാത്തതാണ് പ്രശ്നത്തിന് കാരണമായത്. ജാഥാ ക്യാപ്റ്റന്‍ മുന്‍പ് സംസാരിക്കേണ്ടിയിരുന്നത് ഷാഫി പറമ്പില്‍ ആയിരുന്നു. എന്നാല്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഷാഫിക്ക് മുന്‍പ് സതീശനെ ക്ഷണിച്ചു. ഇതിനിടെ വേദിയില്‍ നിന്ന് ഷാഫിയെ പ്രസംഗിക്കാന്‍ വിളിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.
ഇതിന് പിന്നാലെ ഷാഫി പറമ്പിലിനെ വിളിക്കാനായി പ്രമോദ് കക്കട്ടില്‍ മൈക്കിന് അടുത്തേയ്ക്ക് പോയി. ഇതിനിടെ 'വിളിച്ച് കഴിഞ്ഞിട്ടാണോ എന്നെ വിളിക്കുന്നത്' എന്ന് ഷാഫി ചോദിച്ചു. തുടര്‍ന്ന് വേദിയില്‍ പിടിവലിയുണ്ടായി. തൊട്ടുപിന്നാലെ സതീശന് വേദിയില്‍ എത്തുകയും സംസാരിക്കുകയും ചെയ്തു. സതീശന് സംസാരിച്ച ശേഷം പ്രമോദ് കക്കട്ടില്‍ വീണ്ടും ഷാഫിയെ ക്ഷണിക്കാനായി മൈക്കിനടുത്തേയ്ക്ക് വരാനുള്ള ശ്രമം നടത്തി. ഇതിനിടെ പ്രമോദ് കക്കട്ടിലിനെ ഷാഫി പറമ്പില്‍ തടഞ്ഞു. ഏറെ പരിശ്രമിച്ച് മൈക്കിന് അടുത്തേയ്ക്ക് വന്ന പ്രമോദ് കക്കട്ടില്‍ 'ഇനി പ്രിയപ്പെട്ട ഷാഫി പറമ്പില്‍ എംപി സംസാരിക്കും' എന്ന് പറഞ്ഞു.
പിന്നാലെ സംസാരിക്കാനായി ഷാഫി പറമ്പില്‍ മൈക്കിന് അടുത്തേയ്ക്ക് വന്നു. പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കാം എന്നും പറഞ്ഞു. 'പ്രതിപക്ഷ നേതാവിനോടാണ്, നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ കുറ്റ്യാടി കൂടി എണ്ണിക്കോളൂ' എന്ന് മാത്രമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. പിന്നാലെ അവിടെ നിന്ന് മാറുകയും ചെയ്തു. വേദിയില്‍ പിടിവലി നടക്കുമ്പോള്‍ ഇടപെടാതെ മാറിനില്‍ക്കുന്ന വി ഡി സതീശനെയും കാണാമായിരുന്നു. അതേസമയം സയമക്കുറവ് കാരണമാണ് മറ്റ് നേതാക്കള്‍ സംസാരിക്കുന്നത് ഒഴിവാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. വേദിയില്‍ പരക്കെ ആളുകള്‍ കയറിയത് സ്ഥിതി വഷളാക്കിയെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു.
Content Highlights: Congress Puthuyuga yatra issue at Kuttyadi, Shafi Parambil responds at last