തിരുവല്ല സ്പാ ബലാത്സംഗക്കേസ്: 'വൊക്കൻ' പ്രശോഭ് പിടിയിൽ, ഇനി പിടികൂടാനുള്ളത് രണ്ടുപേരെ

ഇനി കേസിൽ രണ്ട് പേരാണ് പിടിയിലാകാനുള്ളത്

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വൊക്കൻ പ്രശോഭ് എന്നാണ് പ്രതി അറിയപ്പെടുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇനി കേസിൽ രണ്ട് പേരാണ് പിടിയിലാകാനുള്ളത്. ഇവർ ബെംഗളൂരുവിൽ ഉണ്ടെന്ന സൂചന ലഭിച്ചതിനാൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും പൊലീസ് വ്യാപിപ്പിക്കുകയാണ്.

ഫെബ്രുവരി ഒന്നിന് വൈകുന്നേരമായിരുന്നു തിരുവല്ലയിലെ സ്പായിൽ ആറംഗ സംഘം അതിക്രമിച്ചുകയറിയത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിൻ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിവ് ആവശ്യപ്പെട്ടാണ് അക്രമി സംഘം സ്പായിലെത്തിയത്. ആദ്യഘട്ടത്തിൽ പരാതി നൽകാൻ യുവതി തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് കാര്യങ്ങൾ തുറന്നുപറയുകയും പരാതി നൽകുകയുമായിരുന്നു. പിന്നാലെ 'മരണ സുബിൻ' എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടർ ചാക്കോ, ബെർലിൻ ദാസ്, വരുൺ എന്നീ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു.

കേസിൽ അന്വേഷണം അതിജീവിതയുടെ സഹപ്രവർത്തകയിലേക്കും നീണ്ടിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഒരു സഹപ്രവർത്തക സ്പായിലുണ്ടായിരുന്നു. തന്നെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും മർദിക്കുമ്പോഴും സഹപ്രവർത്തക ഇടപെട്ടില്ലെന്നും അവർ ഗുണ്ടാസംഘത്തിലെ ചിലരോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞിരുന്നു. സഹപ്രവർത്തകയുടെ ഒരു ആൺസുഹൃത്ത് ഉണ്ടെന്നും ഇയാൾ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണെന്നും അതിജീവിത മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, തിരുവല്ലയിലെ സംഭവത്തിന് പിന്നാലെ തിരുവനന്തപുരത്തെ സ്പാ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 17 അനധികൃത കേന്ദ്രങ്ങളാണ് കണ്ടെത്തിയത്. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോര്‍പ്പറേഷന്‍ പരിധിയിലുളളത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സ്പാ, മസാജ് സെന്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമാകും ഇനി ലൈസന്‍സ് നല്‍കുക.

Content Highlights: In the Thiruvalla spa sexual assault case, another accused has been arrested by the police. The arrested individual has been identified as Prashob, a native of Chumathra in Thiruvalla. He was taken into custody from Ranni following a police operation.

To advertise here,contact us