കോടികളുടെ ഭൂമിയും വീടും മറിച്ചുവിൽക്കാൻ ഒത്താശ; 10ലക്ഷവും 10മൊബൈൽ ഫോണും കൈക്കൂലി വാങ്ങി വനിത സബ് രജിസ്ട്രാർ

ആധാരമെഴുത്തുകാരനുൾപ്പെടെയുള്ള സംഘത്തിലെ എട്ടു പേർ മുമ്പ് പിടിയിലായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലമതിക്കുന്ന ഭൂമിയും വീടും തട്ടിയെടുത്ത് മറിച്ച് വിൽക്കാൻ ഒത്താശ ചെയ്ത വനിത സജ് രജിസ്ട്രാർ അറസ്റ്റിൽ. കള്ളിക്കാട് സ്വദേശി കെ ലക്ഷ്മി ഇതിനായി 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളുമായി കൈക്കൂലിയായി കൈപ്പറ്റിയത്. ആൾമാറാട്ടം നടത്തിയതിന് പുറമേ വ്യാജരേഖ ചമച്ചും നിലവിലെ രേഖകളിൽ കൃത്രിമം കാട്ടിയുമാണ് ഇവർ തട്ടിപ്പിന് കൂട്ടുനിന്നത്. ഇത് വ്യക്തമായതിന് പിന്നാലെയാണ് ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഭൂമിയുടെ രജിസ്ട്രേഷന് മുമ്പും ശേഷവും ലക്ഷ്മിയും പ്രധാനപ്രതി മണികണ്ഠനും ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.

ആധാരമെഴുത്തുകാരനുൾപ്പെടെയുള്ള സംഘത്തിലെ എട്ടു പേർ മുമ്പ് പിടിയിലായിരുന്നു. ആധാരമെഴുത്തുകാരനായ മുൻ ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ, വ്യവസായി അനിൽ തമ്പി എന്നിവരടക്കമാണ് അറസ്റ്റിലായത്.

കൃത്രിമം കാട്ടി അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ 14.5സെന്റ് സ്ഥലം, ആറായിരം ചതുശ്രയടി വിസ്തീർണവും പത്തുമുറികളുമുള്ള വീടുമാണ് പ്രതികൾ തട്ടിയെടുത്തത്. അനിൽ തമ്പിയെന്നയാൾ വസ്തുവാങ്ങാൻ ശ്രമിക്കുന്നുണ്ടെന്ന് സുഹൃത്തിൽ നിന്നും മനസിലാക്കിയ മണികണ്ഠൻ ജവഹർനഗറിലെ വസ്തു 2 കോടിക്ക് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ഇഷ്ടദാന കരാർ തയ്യാറാക്കിയ മണികണ്ഠൻ ഡോറയുടെയും ചെറുമകളുടെയും രൂപസാദൃശ്യമുള്ളവരെ കണ്ടെത്തിയാണ് പ്രമാണം ചെയ്ത് നൽകിയത്.

ഡോറയായി ചമഞ്ഞ വട്ടപ്പാറ സ്വദേശി വസന്ത, ചെറുമകളെന്ന വ്യാജേന ഹാജരായ പുനലൂർ സ്വദേശി മെറിൻ എന്നിവർ പിടിയിലായിട്ടുണ്ട്. തട്ടിപ്പ് നടത്താനായി മണികണ്ഠൻ അനിൽ തമ്പിയിൽ നിന്നും രണ്ടുകോടിയോളം കൈപ്പറ്റി. നാൽപത് ലക്ഷമാണ് ആദ്യഘട്ടത്തിൽ വാങ്ങിയത്. തുടർന്ന് വസന്തയെ ഹാജരാക്കി ചെറുമകളായ മെറിന് ഭൂമി ഇഷ്ടദാനം ചെയ്‌തെന്ന രേഖയുണ്ടാക്കി. അതേസമയം യഥാർത്ഥ ഉടമസ്ഥ വസ്തുവിന്റെ മേൽനോട്ടത്തിന്റെ ചുമതല നൽകിയ കെയർടേക്കർ കരം അടയ്ക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

ശാസ്തമംഗലം രജിസ്ട്രാർ ഓഫീസിൽ ഡോറയെന്ന പേരിൽ മെറിൻ എന്ന ഇടനിലക്കാരിക്ക് വസന്ത വസ്തു കൈമാറി. ഈ വസ്തു ഒന്നരക്കോടിക്ക് മെറിൻ ചന്ദ്രസേനൻ എന്നായാൾക്ക് വിലയാധാരം എഴുതി കൊടുത്തിരുന്നു. ഇതിനായി മെറിന്റെ വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ മെറിൻ പിടിയിലായി. രജിസ്ട്രാർ ഓഫീസിലെ രേഖകൾ പരിശോധിച്ചതിലൂടെ ഫിംഗർപ്രിന്റുകൾ ശേഖരിച്ച് ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്താൽ പ്രതികളിലേക്ക് എത്തിചേരുകയാണ് ഉണ്ടായത്.

Content highlights: Sub Registrar officer Lakshmi was arrested in connection with a land scam. She allegedly accepted a bribe of ₹10 lakh and 10 mobile phones to approve a land deal

To advertise here,contact us