ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്‌ഐടി

തന്ത്രിയുടെ വരുമാനത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടെന്നാണ് കണ്ടെത്തല്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്‌ഐടി. ആദായനികുതി വകുപ്പിന്റെ കണക്കിൽ പെടാത്ത സ്വത്ത് തന്ത്രിയ്ക്കും കുടുംബത്തിനും ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തന്ത്രിയുടെയും ഭാര്യയുടെയും പേരില്‍ ലക്ഷങ്ങളുടെ നിക്ഷേപങ്ങളുണ്ടെന്നും തന്ത്രിയുടെ വരുമാനത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടെന്നുമാണ് കണ്ടെത്തല്‍. തന്ത്രിയ്ക്കും കുടുംബത്തിനും ലഭിച്ച അധിക പണം സ്വര്‍ണക്കൊളളയുടെ ഭാഗമായി ലഭിച്ചതാണ് എന്നാണ് എസ്‌ഐടി വിലയിരുത്തല്‍.

2004 മുതലാണ് തന്ത്രി കണ്ഠരര് രാജീവരും കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുളള ബന്ധം ആരംഭിക്കുന്നത്. ഇരുവരും തമ്മില്‍ നിരന്തര ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് എസ്‌ഐടി വിലയിരുത്തല്‍. പുതിയ കണ്ടെത്തലുകള്‍ ഇന്ന് ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതിയെ അറിയിക്കും.

ശബരിമല സ്വർണക്കൊള്ള കേസിൽ കൊള്ളയടിക്കപ്പെട്ട സ്വർണം തിരിച്ചുകിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിഗമനം. തൊണ്ടിമുതൽ ലഭിക്കാതെ തന്നെ എസ്‌ഐടി കേസിൽ കുറ്റപത്രം സമർപ്പിച്ചേക്കും. തൊണ്ടിമുതലിനായി കാത്തിരുന്നാൽ തിരിച്ചടി യാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. തുടരന്വേഷണത്തിന് ശുപാർശ ചെയ്യുന്നതാകും കുറ്റപത്രം. എത്ര സ്വർണം നഷ്ടപ്പെട്ടു എന്നറിഞ്ഞാൽ മാത്രമേ വീണ്ടെടുക്കേണ്ട സ്വർണം എത്രയെന്നതിൽ അന്വേഷണ സംഘത്തിന് വ്യക്തതവരികയുള്ളൂ. ദ്വാരപാലക പാളികളിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും ഏകദേശം ഒന്നര കിലോയോളം സ്വർണമാണ് നഷ്ടപ്പെട്ടത് എന്ന നിഗമനത്തിലായിരുന്നു എസ്ഐടി.

എന്നാൽ എത്ര സ്വർണമാണ് നഷ്ടപ്പെട്ടത് എന്ന് എസ്ഐടിക്ക് ശാസ്ത്രീയമായി കണ്ടെത്താൻ സാധിച്ചിട്ടില്ല. നഷ്ടപ്പെട്ട സ്വർണത്തിന് പകരമായി പ്രതികൾ സ്വർണം നൽകി എന്ന് എസ്ഐടി പിന്നീട് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ശബരിമലയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വർണമല്ല എന്നതാണ് പ്രശ്നം. തൊണ്ടിമുതൽ എവിടെയെന്നതിൽ പ്രതികളാരും കൃത്യമായ സൂചന നൽകുന്നില്ല. അതിനാൽ ഇനിയും കാത്തിരിക്കേണ്ടതില്ല എന്നും തൊണ്ടിമുതൽ ഇല്ലാതെത്തന്നെ കുറ്റപത്രം സമർപ്പിക്കാം എന്ന നിഗമനത്തിലുമാണ് എസ്ഐടി.

Content Highlights: Sabarimala gold theft case; SIT investigation in financial dealings of tantri Kandararu Rajeevaru

To advertise here,contact us