മലമ്പുഴയിൽ CPIMന് ചെക്ക് വെക്കാൻ കോൺഗ്രസ്; വിഎസിന്റെ വിശ്വസ്തൻ എ സുരേഷിനെ മത്സരിപ്പിച്ചേക്കും

ദീർഘകാലമായി പാർട്ടിയുമായി അകന്നുനിൽക്കുകയാണ് സുരേഷ്

പാലക്കാട്: വി എസ് അച്യുതാനന്ദന്റെ മണ്ഡലമായിരുന്ന മലമ്പുഴയിൽ വി എസിന്റെ വിശ്വസ്തനായിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം സുരേഷിനെ സമീപിച്ചു. മലമ്പുഴയിൽ സുരേഷ് മത്സരിച്ചാൽ വിജയിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.

കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് സുരേഷ് സ്ഥിരീകരിച്ചു. സംസ്ഥാന നേതാക്കളാണ് തന്നെ സമീപിച്ചത്. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ താൻ ഉറപ്പ് നൽകിയിട്ടില്ല. പല കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിലാണ് സ്ഥാനാർത്ഥിയാക്കാം എന്നുപറഞ്ഞത്. യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാമെന്ന് കോൺഗ്രസ് പറഞ്ഞുവെന്നും സുരേഷ് കോഫി വിത്ത് അരുണിൽ പറഞ്ഞു.

താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവി ആണെന്നും സുരേഷ് പറഞ്ഞു. 'എന്തിനാണ് പാർട്ടി പുറത്താക്കിയത് എന്ന് ഇനിയും മനസിലായിട്ടില്ല. നിരവധി അപ്പീലുകൾ പാർട്ടിയിൽ നൽകിയിട്ടും മറുപടി ലഭിച്ചിട്ടില്ല. മത്സരിക്കണം എന്ന കാര്യമൊന്നും ഞാൻ മനസിലേക്ക് എടുത്തിട്ടില്ല. മറ്റൊരു പാർട്ടിയിൽ ചേരാനും എനിക്ക് താത്പര്യമില്ല. ഇടതുപക്ഷത്തുള്ളവരും അല്ലാത്തതുമായ സുഹൃത്തുക്കളുമായി എനിക്ക് ആലോചിക്കാനുണ്ട്. വരുംദിവസങ്ങളിൽ എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം' എന്നും സുരേഷ് പറഞ്ഞു

ദീർഘകാലമായി പാർട്ടിയുമായി അകന്നുനിൽക്കുകയാണ് സുരേഷ്. കൽമണ്ഡപം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന സുരേഷ് 2002ലാണ് വി എസിനൊപ്പം ചേരുന്നത്. 2008ൽ പാർട്ടിവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകി എന്ന കാരണത്താല് സുരേഷിനെതിരെ പാർട്ടി നടപടിയെടുത്തത്.

സുരേഷ് മത്സരിക്കുന്നതിലൂടെ മലമ്പുഴയിൽ ശക്തമായി തിരിച്ചവരാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് മലമ്പുഴ. ഇ കെ നായനാരും വിഎസുമെല്ലാം മത്സരിച്ച് വിജയിച്ച മണ്ഡലമാണ്. നാലുതവണയാണ് വിഎസ് മലമ്പുഴയിൽ നിന്ന് നിയമസഭയിലെത്തിയത്.

Content Highlights: The Congress is reportedly considering fielding A. Suresh, a close associate of former Chief Minister V. S. Achuthanandan, in the Malampuzha constituency. The seat was once represented by Achuthanandan, making the move politically significant

To advertise here,contact us