കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. പ്രാഥമിക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് നൽകി. 2017 ലെ യുഡിഎഫ് ഭരണകാലത്തെ കൊടിമര പുനഃപ്രതിഷ്ഠയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നത്. വിജിലൻസ് ഡയറക്ടർ പ്രത്യേക ടീം രൂപീകരിക്കണമെന്നും പ്രാഥമിക അന്വേഷണം 30 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. മഹസർ ഉൾപ്പെടെ എല്ലാ രേഖകളും വിജിലൻസ് ഡയറക്ടർക്ക് നൽകാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകി.
പ്രതികളുടെ ഒപ്പില്‍ ശാസ്ത്രീയ പരിശോധന നടത്താനും സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കണമെന്നും ശാസ്ത്രീയ അന്വേഷണത്തിനും ഹൈക്കോടതി അനുമതി നല്കി. എക്സ്റേ ഫ്ളൂറോസീന്‍സ് സ്പെക്ട്രോസ്കോപ്പി പരിശോധന നടത്തും. സ്വര്‍ണ്ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണം. പുനഃപ്രതിഷ്ഠയ്ക്ക് ലഭിച്ച സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്തണം. ഇത് ദേവസ്വം മാനുവൽ അനുസരിച്ച് ആണോ തയ്യാറാക്കിയതെന്ന് പരിശോധിക്കണം. കൊടിമര നിർമ്മാണത്തിലെ ക്രമക്കേട് ഗുരുതര സ്വഭാവത്തിലുള്ളതെന്നും ഹൈക്കോടതി പറഞ്ഞു.
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവസ്വം മാനുവല്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ. സാമ്പത്തിക ചട്ടങ്ങളും പാലിച്ചില്ലെന്നും കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് സ്വര്‍ണ്ണം സംഭാവന നല്‍കിയവരുടെ മൊഴിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പ്രാഥമിക അന്വേഷണം പൂർത്തിയായി അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ അതിൽ കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് എടുക്കുക.
കൊടിമര പുനഃപ്രതിഷ്ഠ - ക്രമക്കേടുണ്ടെന്നാണ് ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ട്.
കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ആകെ കണ്ടെത്തിയത് 9573.010 ഗ്രാം സ്വര്‍ണ്ണം. ഇതില്‍ കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത് 9,340.200 ഗ്രാം സ്വര്‍ണ്ണം മാത്രമാണ്. ഒരു നടനും മറ്റ് ഭക്തരും കൂടി 80.490 ഗ്രാം സ്വര്‍ണ്ണം അഡ്വക്കറ്റ് കമ്മിഷണര്‍ക്ക് നല്കി. ഒരു സിനിമാ നിര്‍മ്മാതാവും മറ്റൊരു വ്യക്തിയും കൂടി 246.520 ഗ്രാം സ്വര്‍ണ്ണ ബിസ്കറ്റുകളും കമ്മിഷണര്‍ക്ക് നല്‍കിയിരുന്നു. ഈ സ്വര്‍ണ്ണം തിരുവാഭരണം കമ്മിഷണര്‍ക്ക് അഡ്വക്കറ്റ് കമ്മിഷണര്‍ കൈമാറിയെന്നും ഹൈക്കോടതി പറഞ്ഞു. കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് അനുമതി നല്‍കിയത് 2016 സെപ്തംബര്‍ 23ലെ ബോര്‍ഡ് യോഗമാണ്. പ്രയാഗ് ഗോപാലകൃഷ്ണനായിരുന്നു അന്ന് ദേവസ്വം പ്രസിഡന്റ്. അജയ് തറയില്‍, കെ രാഘവന് എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍.
Content Highlight : Sabarimala flagpole re-installation; The High Court said that the Vigilance Director should form a special team and complete the preliminary investigation within 30 days.