കണ്ണൂരിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം തടയാനെത്തിയ നാട്ടുകാരന് മർദനമേറ്റു; കേസെടുത്ത് പൊലീസ്

എസ്എഫ്‌ഐ നേതാക്കള്‍ തമ്മിലുണ്ടായ തമ്മിലടി തടയാനെത്തിയതിന് പിന്നാലെയാണ് നാട്ടുകാരനും മർദനമേറ്റത്

കണ്ണൂര്‍: കണ്ണൂരില്‍ എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ നാട്ടുകാരന് പരിക്കേറ്റ സംഭവത്തിൽ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മര്‍ദനമേറ്റ നാട്ടുകാരന്റെ പരാതിയിലാണ് കേസ്. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ നന്ദജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആഷിഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എസ്എഫ്‌ഐ നേതാക്കള്‍ തമ്മിലുണ്ടായ തമ്മിലടി തടയാനെത്തിയതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചു എന്നാണ് നാട്ടുകാരന്‍റെ പരാതി.

കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനിടെ എസ്എഫ്‌ഐ കണ്ണൂര്‍- കാസര്‍കോട് ജില്ലയിലെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. സംഭവത്തില്‍ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കാസര്‍കോട് ജില്ലാ സെക്രട്ടറി പ്രണവ് പരാതി നല്‍കിയിരുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സംഘര്‍ഷമുണ്ടായത്.

പ്രശ്‌നം പരിഹരിക്കാനെത്തിയപ്പോള്‍ കാസര്‍കോട് ജില്ലയിലെ എസ്എഫ്‌ഐ നേതാക്കളെയും മര്‍ദിച്ചുവെന്നാണ് പ്രണവ് നല്‍കിയ പരാതിയില്‍ പറയുന്നത്. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശരത്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആശിഷ് എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദിച്ചത് എന്നും പ്രണവ് ചൂണ്ടിക്കാണിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിക്കുമാണ് പരാതി നല്‍കിയത്.

Content Highlight; The police have registered a case against SFI leaders in Kannur after a local man was injured during a clash between SFI activists. The case is based on a complaint from a local man who was beaten up. The police have registered a case against University Union Chairman Nandaj and District Secretariat member Ashish.

To advertise here,contact us