കൊച്ചി: പ്രമുഖ വ്യവസായി സി ജെ റോയ്യുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടി എ ജോസഫ്. റോയ്യുടെ വിയോഗം ഉൾക്കൊള്ളാനാകുന്നില്ലയെന്നും അദ്ദേഹത്തെ കുറിച്ച് ഓർമ്മകൾ മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും ടി എ ജോസഫ് പറഞ്ഞു.
റോയ്യുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരുകയാണെന്നും എസ്ഐടിയുടെ കീഴിയിൽ അന്വേഷണം നടത്തുന്നതിനാൽ തനിക്ക് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തെ ബാധിക്കുന്ന കാര്യങ്ങൾ പറയരുതെന്ന് ബെംഗളൂരു ഡിസിപി പറഞ്ഞുവെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് ഡിസിപി തന്നെ മൂന്ന് തവണ വിളിച്ചുവെന്നും ടി എ ജോസഫ് പറഞ്ഞു.
ആദായ നികുതി വകുപ്പിന്റെ പരിശോധന സാധാരണ നിലയിലാണ് നടന്നത്. ഉദ്യോഗസ്ഥർ ന്യായമായിട്ടാണ് ഇടപെട്ടതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള പീഡനവും നേരിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ബെംഗളുരുവിൽ ഇതുതന്നെയാണ് നടന്നതെന്ന് ഉറപ്പാണാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പും പരിശോധന നടന്നിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ട് ആദായ നികുതി വകുപ്പ് വന്നതല്ലയെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളിൽ ചെയർമാനെക്കുറിച്ച് മ്ലേച്ഛമായ പ്രചാരണം നടന്നു. വ്യക്തിപരമായി അധിക്ഷേപിച്ചും കുടുംബങ്ങളെ തകർക്കുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രബുദ്ധരായ മലയാളികൾക്ക് ഇക്കാര്യം മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയിൽ ജിഎസ്ടി പരിശോധനയും ഉണ്ടായിരുന്നു. ഇ ഡി റെയ്ഡ് നടന്നിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.
ഡോ. റോയ് എന്ത് തെറ്റാണ് ചെയ്തത്. എല്ലാ പ്രവർത്തനങ്ങളും സുതാര്യമായിരുന്നു. ആർക്കും പണം നൽകാനില്ല. കിട്ടാനുള്ളതല്ലാതെ കൊടുക്കാനില്ല. സിനിമാ മേഖലയിൽ ആർക്കും പണം നൽകാനില്ല. ആന്റണി പെരുമ്പാവൂർ കുടുംബ സുഹൃത്താണെന്നും മോഹൻലാലുമായുള്ളത് സൗഹൃദ ബന്ധം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വർക്കുകളും നന്നായി പുരോഗമിക്കുന്നുവെന്നാണ് ഉപഭോക്താക്കളോട് പറയാനുള്ളത്. ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടയെന്നും അദ്ദേഹം പറഞ്ഞു. കോൺഫിഡന്റ് ഗ്രൂപ്പ് ഏത് പ്രശ്നങ്ങളെയും തരണം ചെയ്ത് മുന്നോട്ട് പോയി കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ നിക്ഷേപരുടെ പണം സുരക്ഷിതമാണ്. നിക്ഷേകർക്കും , ഉപഭോക്താക്കൾക്കും ആശങ്ക വേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 14 ന് രണ്ട് പ്രൊജക്ടുകൾ ലോഞ്ച് ചെയ്യും. എല്ലാവരോടുമുള്ള ഉത്തരവാദിത്തം നിർവഹിക്കുമെന്നും ടി എ ജോസഫ് പറഞ്ഞു.
ആദായ നികുതി വകുപ്പിനെതിരെ സി ജെ റോയ്യുടെ സഹോദരന്റെ പരാമർശം തെറ്റാണെന്നും സി ജെ റോയ്യുടെ ഒപ്പം സഹോദരൻ ഉണ്ടായിരുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി വകുപ്പിൻ്റെ സമ്മർദം ഉണ്ടായിരുന്നില്ല. സഹോദരൻ പെട്ടന്നുള്ള പ്രതികരണമാണ് നടത്തിയതെന്നും അദ്ദേഹം പിന്നീട് അത് പറഞ്ഞിട്ടില്ലയെന്നും ടി എ ജോസഫ് വ്യക്തമാക്കി. മാനസിക സമ്മർദ്ദം പല രീതിയിൽ വരാം. ഒരാളും ഭീഷണിപ്പെടുത്താനില്ലയെന്നും അതിനുള്ള സാധ്യതയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. റോയി കുടുംബത്തിനായി കുറിപ്പ് എഴുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണം നല്ല രീതിയിലാണെന്നും ടി എ ജോസഫ് പറഞ്ഞു. സ്ലൊവോക്യയുടെ ഓണററി കൗണ്‍സില്‍ പദവി സാമ്പത്തിക ലാഭത്തിനായിരുന്നില്ലയെന്നും സി ജെ റോയ്യുടെ താത്പര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight : Confident Group Managing Director T.A. Joseph responds to the death of industrialist C.J. Roy