കൊച്ചി: കൊച്ചിൻ കാന്‍സര്‍ റിസർച്ച് സെന്ററിന്റെ (സിസിആർസി) പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകോത്തര അർബുദ ചികിത്സാ സൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് കളമശേരിയിൽ നിര്‍മിച്ച ഒമ്പതുനില കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. മന്ത്രിമാരായ വീണാ ജോർജ്, പി രാജീവ്, എംഎൽഎമാരായ കെ ബാബു, ഉമ തോമസ്, അൻവർ സാദത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കേരളം മുന്നോട്ടു കുതിക്കുന്നതിന് പ്രധാന തടസ്സം സാമ്പത്തിക പ്രശ്നമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബജറ്റിന് പുറത്ത് ധനസ്രോതസ്സ് ഉണ്ടെങ്കിലേ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത്തരം ചിന്തയിൽ നിന്നാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിക്കുന്നതിന് തീരുമാനിച്ചതെന്നും കിഫ്ബിയിലൂടെ കേരളത്തിൻറെ നിരവധി ആവശ്യങ്ങൾ നിറവേറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിൻ്റെ സാക്ഷ്യപത്രം കാണാമെന്നും കിഫ്ബിയിലൂടെ വിദ്യാഭ്യാസ രംഗത്തും വലിയ മുന്നേറ്റം ഉണ്ടായി. ആരോഗ്യരംഗത്ത് കിഫ്ബിയുടെ സംഭാവനകൾ വളരെ വലുതാണ്. തീരദേശ ഹൈവേ , മലയോര ഹൈവേ എന്നിവയ്ക്ക് സംസ്ഥാന സർക്കാരാണ് പണം ചെലവഴിക്കുന്നതെന്നും അതിന് 10,000 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേ കിഫ്ബിയിൽ നിന്നു തന്നെയാണ് കൊച്ചിൻ കാന്‍സര്‍ സെന്ററിനും (സിസിആർസി) പണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മധ്യ കേരളത്തിലെ മികച്ച കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കി സിസിആർസിയെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിൻ കാന്‍സര്‍ റിസർച്ച് സെന്ററിന്റെ (സിസിആർസി) പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.
എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ 12.63 ഏക്കറിൽ 6.35 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള ഒമ്പതുനില കെട്ടിടമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 16 ലിഫ്റ്റ്, അത്യാധുനിക ഓപ്പറേഷന് തിയറ്ററുകള്‍, സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കായി 12 ഓപ്പറേഷന് തിയറ്ററുകൾ, 550 കാറുകള്‍ക്ക് പാര്‍ക്കിങ്, ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയക്കായും പ്രത്യേക സൗകര്യമുണ്ട്. ഗവേഷണ ആവശ്യങ്ങള്‍ക്കുമാത്രമായി 10,000 ചതുരശ്ര അടി സ്ഥലമുണ്ട്. 360 കിടക്കകളുള്ള കാന്‍സര്‍ സെന്ററിൽ ആദ്യഘട്ടത്തിൽ 100 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. 159 പുതിയ തസ്തികകൾക്കും സർക്കാർ അനുമതി നൽകി.
സ്കാനിങ്, എക്സറേ, റേഡിയേഷന് തുടങ്ങിയവയ്ക്ക് ഏറ്റവും അത്യാധുനികമായ ഉപകരണങ്ങളുമുണ്ട്. എഐ സാങ്കേതികവിദ്യയുടെ സഹായവും പരമാവധി ഉപയോഗപ്പെടുത്തുന്നു. മികച്ച രൂപകൽപ്പനയ്ക്കുള്ള എഡ്ജ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന കേരളത്തിലെ ആദ്യ ആശുപത്രിക്കെട്ടിടമാണ്. വൈദ്യുതി പൂര്‍ണമായും സോളാര്‍ സംവിധാനത്തിലാണ്.
Content Highlight : Kerala Chief Minister Pinarayi Vijayan inaugurated the Cochin Cancer Research Centre, marking a significant step toward strengthening cancer treatment and research facilities in the state.